Tuesday, 9 November 2010

" നോര്‍ത്ത്‌ വെയ്ല്‍സിലൂടെ ചുമ്മാ ഒരു യാത്ര "....

കൊച്ചുമോനോടൊപ്പം  വെയ്ല്‍സില്‍.


ആരും തെറ്റിദ്ധരിക്കരുതേ ...ഇത് പരീക്ഷണ നിരീക്ഷണങ്ങളിലൂടെയുള്ള യാത്രയൊന്നുമല്ല കേട്ടോ .ചുമ്മാ ഒരുയാത്ര ...

മരുമോന്‍ ജി പി യാണ് .വോള്‍സോളില്‍ സ്വന്തം സര്‍ജറിയില്‍ വര്‍ക്ക് ചെയ്യുന്നു . ഇടയ്ക്ക് അവിടെ ലീവെടുത്ത് , പുള്ളിക്കാരന്‍ വെയ്ല്‍സ് ഹോസ്പിറ്റലില്‍ രണ്ടുമൂന്നു ദിവസത്തേക്ക് വിസിറ്റിങ്ങ് ഡോക്ടര്‍ ആയി വര്‍ക്ക് ചെയ്യാറുണ്ട് .ഇത്തവണ ഞങ്ങളും വെയ്ല്സില്‍ ഒന്നുകറങ്ങി തിരിഞ്ഞ് അടിച്ചു പൊളിക്കാ മെന്നുകരുതി....

പണ്ടുള്ളവര്‍ പറയാറുള്ള പഴമൊഴിയോര്‍ത്തുപോയി "നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം .വിശപ്പും മാറും കയ്യും മിനുങ്ങും " അതുപോലെ മരുമോന് ഡ്യൂട്ടിയും ചെയ്യാം ഒറ്റയ്ക്ക് മൂന്നു ദിവസം
ഹോട്ടലില്‍ താമസിക്കുമ്പോഴുള്ള മടുപ്പും മാറികിട്ടും...ഞങ്ങള്‍ക്ക് വെയ്ല്‍സിലൂടെ ഒന്നു കറങ്ങി കാണാം.
ഞങ്ങളെല്ലാവരും ഉത്സാഹത്തോടെ ജുണ്‍8nu ചൊവ്വാഴ്ച്ച പകല്‍ പതിനൊന്നു മണിക്ക് ട്ടെല്ഫോര്‍ഡില്‍ നിന്നും പുറപ്പെട്ടു. ഇവിടെ സാധാരണ നിലയില്‍ മേയ് മാസം മുതല്‍ സപ്തംബര്‍ വരെ നല്ല കാലാവസ്ഥയാണ് ....എങ്കിലും അപ്രതീക്ഷിതമായി ഇടയ്ക്കിടെ ചെറിയ തോതില്‍ മഴയും കാണും .

യാത്രയില്‍ കുറച്ച്‌ ദൂരം പിന്നിട്ടപ്പോള്‍ എന്തോ സൂര്യദേവന് ഞങ്ങളോടോരപ്രിയം . പുള്ളിക്കാരന് കാര്‍മേഘകൂട്ടങ്ങള്‍ക്കിടയില്‍ മറഞ്ഞു ...വെളിച്ചം മങ്ങി .മഴ ചാറാനും തുടങ്ങി ..ഞങ്ങളും മൂഡോഫിലായി..അപ്പോഴാ മരുമോന്‍ പറയുന്നത് "നമ്മള്‍ വെയ്ല്സില്‍ രാത്രി 8 മണിക്കേ എത്തുകയുള്ളൂ .പോകുന്ന വഴി മറ്റൊരു ഹോസ്പിറ്റലില്‍ (വെല്‍ഷ് പൂള്‍ )ഒരുമണി മുതല്‍ ആറുമണി വരെ ഡ്യൂട്ടി ഉണ്ട് ..അതുകഴിഞ്ഞേ യാത്ര തുടരാന്‍പറ്റത്തുള്ളൂ ..ഞങ്ങള്‍ക്ക് രണ്ടു ചോയ്സ് തന്നു .ഒന്ന് ഹോസ്പിറ്റലിനു മുന്നില്‍ കാര്‍ പാര്‍ക്കിങ്ങില്‍ കാറില്‍ തന്നെ ആറുമണിക്കൂര്‍ ഹോസ്പിറ്റലിന്റെ ഭംഗിയും ആസ്വദിച്ചിരിക്കാം ...അല്ലെങ്കില്‍ ഉറങ്ങാം .. രണ്ടാമത്തെ ചോയ്സ് ,അവന്റെ ഡ്യൂട്ടി കഴിയും വരെ ഞങ്ങള്‍ ആ സിറ്റിയില്‍ കറങ്ങുക" ....രണ്ടാമത്തേത് ഞങ്ങള്‍ക്കും അനുയോജ്യ മായിത്തോന്നി .മഴയും നിന്നിട്ടുണ്ട് .കാണാനും എന്ജോയ്‌ ചെയ്യാനും പറ്റുന്ന കുറെ സ്ഥലങ്ങളുടെ ലീസ്റ്റ് സിസ്റ്ററില്‍ നിന്നും സംഘടിപ്പിച്ചു തന്നു . ആദ്യ കറക്കം കുട്ടികളുടെ കളിശാലയാവാമെന്നു തീരുമാനിച്ചു ...കൊച്ചുമോന്‍ എന്‍ജോയ് ചെയ്യുമല്ലോ ...

അങ്ങിനെ ഡ്യൂട്ടിക്കിടയില്‍ ഒഴിവു നോക്കി മോന്‍ ഞങ്ങളെ ഡ്രോപ്പ്ചെയ്തു   തന്നു .എവിടെയെങ്കിലു മായി നീണ്ട ആറുമണിക്കൂര്‍ തള്ളിവിടണമല്ലോ.. കൊച്ചുമോന്‍ ഉത്സാഹത്തോടെ കളിതുടങ്ങി ..  അവിടെ  ഫോട്ടോഎടുക്കല്‍നിരോധിച്ചിരിക്കുന്നു എന്ന ബോര്‍ഡ്  ഞങ്ങളെ നോക്കി ഇളിച്ചു കാട്ടുന്നു .എങ്കിലും അപ്പോള്‍ ഞങ്ങള്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ ...അതിനാല്‍ ഞങ്ങള്‍ മൂന്നാല് ഫോട്ടോസ് ഒപ്പിച്ചു ..ഒന്നര മണിക്കൂറോളം അവിടെ തമ്പടിച്ചു .അപ്പോഴേക്കും കുറെ വെള്ള കുട്ടി പട്ടാളങ്ങളെത്തി . അവരുടെ പരേഡില്‍ എന്‍റെ കൊച്ചുമോന്‍ ചമ്മന്തിയായി പോകുമെന്ന് ഭയന്ന് ഞങ്ങള്‍ അവിടെനിന്നും ടാക്സി വിളിച്ചു മറ്റൊരു ഗാര്‍ഡന്‍ സെന്റെറിലെത്തി ..അവിടെ അല്ലറ ചില്ലറ ഷോപ്പിങ്ങിനു വകുപ്പ് കണ്ടെത്തി ..കുറെ കറങ്ങി ..ഞങ്ങളുടെ പക്കല്‍ സമയം ഒത്തിരിയുണ്ടല്ലോ ...ഗാര്‍ഡനില്‍ ഫിറ്റു ചെയ്യാന്‍ പറ്റുന്ന മരങ്ങളും ചെടികളും ഒക്കെ ചുറ്റിക്കണ്ടു .അടുക്കാന്‍ പറ്റാത്ത വില ..ഇത് പ്ലാസ്റ്റിക്കല്ല കേട്ടോ നല്ല ഒര്‍ജിനല്‍സ് .ചിലചെടികള്‍കണ്ടാല്‍പ്ലാസ്റ്റിക് ആണെന്നേതോന്നൂ ...അത്രയ്ക്കും പളപളപ്പുണ്ട് കാഴ്ച്ച യില്‍ മൂന്നു മണിക്കൂറോളം അവിടെയും കറങ്ങി .ഒരു സങ്കടം മാത്രം ..അവിടെയും ഫോട്ടോസ് കര്‍ശനമായി നിരോധിച്ചിരിക്കുന്നു .ഏതായാലും അവിടെ എത്തിയതിനു തെളിവായി ഗെയ്റ്റിനു പുറത്തുവന്നു രണ്ടുമൂന്നു ഫോട്ടോ തട്ടികൂട്ടി ..വീണ്ടും ടാക്സിയില്‍ ഹോസ്പിറ്റല്‍ കാര്പാര്‍ക്കിങ്ങില്‍ എത്തി .മോനെ വിളിച്ചു കാറിന്റെ കീ വാങ്ങിച്ചു അതിലിരിപ്പുറപ്പിച്ചു .മോന്‍ ഞങ്ങള്‍ക്ക് ചായ എത്തിച്ചു തന്നു ..ഒന്ന് ഫ്രെഷ് ആവാന്‍ ടോയ് ലറ്റ് സൌകര്യവും (ഹോസ്പിറ്റലില്‍ ) ചെയ്തു തന്നു ..ഫ്രെഷ് ആയപ്പോള്‍ ഞങ്ങളും ഹാപ്പി .ഏതാണ്ട് മോന്റെ ഡ്യൂട്ടി സമയം കഴിയാറായി ...ബൂക്ചെയ്ത രോഗികളുടെ ലിസ്റ്റ് കഴിഞ്ഞ ശേഷം എന്നെയും കൂട്ടി ഹോസ്പിറ്റല്‍ സംവിധാനങ്ങളൊക്കെ ചുറ്റി കാണിച്ചു തന്നു .ആരെയൊക്കെയോ പരിചയപ്പെടുത്തി തന്നു ...ഞാന്‍ ഹായ് ..ഹായ് പറഞ്ഞൊഴിഞ്ഞു ..അവര്‍ പറയുന്നതിനൊക്കെ ചിരിച്ചു തലയാട്ടി ഒപ്പിച്ചു . എനിക്ക് അവരുടെ സ്ലാങ്ങ്‌ ഒന്നും തലയില്‍ കയറുന്നില്ല ..(വെള്ളക്കാരല്ലേ ഇനം )

ആറരയോടെ ഞങ്ങള്‍ വെയ്ല്സിലേക്ക് യാത്ര തിരിച്ചു . വഴിനീളെ കാണാന്‍ എന്തു ഭംഗിയാണ് ...ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്നും എനിക്കുവേണ്ടി പ്രകൃതി ഭംഗി ഒപ്പിയെടുക്കാന്‍ മോള് പാഴ് ശ്രമം നടത്തുന്നുണ്ടായിരുന്നു ..കൈ ഷേയ്ക്കാവുന്നത് കൊണ്ട് കുറേ ഫോട്ടോസ് കലങ്ങി പോയി ..കുറച്ചൊക്കെ കിട്ടി .അപ്പോഴേക്കും നശിച്ച മഴയും തുടങ്ങി ...കാര്‍ മാക്സിമം സ്പീഡിലാണ് പോയ്കൊണ്ടിരിക്കുന്നത് .കാരണം 8 മണിക്ക് ബുക്ക്‌ ചെയ്ത ഹോട്ടലില്‍ എത്തണം . ഹോട്ടല്‍ commodore റില്‍ ആണ് ബുക്ക്‌ ചെയ്തത് .(llandrindod ,Wells ) ഈ ഹോട്ടലിന്നു എന്തൊക്കെയോ ചരിത്രമുണ്ടെന്നു പറയപ്പെടുന്നു .ഞങ്ങള്‍ ആഗസ്റ്റില്‍ ആണ് ഇവിടെയെത്തിയതെങ്കില്‍ ഇവിടുത്തെ പ്രധാന ആഘോഷ മായ Victorian Festival ലില്‍ പങ്കെടുക്കാമായിരുന്നു .ആഗസ്റ്റ് ഇരുപത്തൊന്നു മുതല്‍ ഇരുപത്തൊമ്പതു വരെയാണ് ...അതില്‍ പങ്കെടുക്കാനുള്ള അവസരവും പോയ്കിട്ടി .


          


      


      


      


      


   

പാവം മോന്‍ തളര്‍ന്ന്  ഉറങ്ങുകയാ  

      


      

സിറ്റിയിലൂടെ ..

 


          
     


      

ലെയ്ക്കും ,പാര്‍ക്കും  തേടി ..
.      


      

അല്‍പ്പം വിശ്രമം

      


     


      


      

ലെയ്ക്ക്

   


      


      


      


     


      


      


     

മോളും കൂടെയുണ്ട്  എന്നതിന് തെളിവ്

    


      


      


      
റൂമില്‍ തിരിച്ചെത്തിയ സന്തോഷത്തില്‍

      


      


      


      


ഞങ്ങള്‍ താമസിച്ചിരുന്ന സിറ്റി വിട്ടുകഴിഞ്ഞാല്‍ വെറും ഗ്രാമപ്രദേശമാണ് ..വലിയ വീടുകളൊന്നും കാണാനില്ല . ഒരു കൊച്ചു വീട് കണ്ടുകഴിഞ്ഞാല്‍ ഒരു അമ്പത് ഏക്കര്‍ സ്ഥലമെങ്കിലും കഴിയണം മറ്റൊരു വീടുകാണാന്‍ .ഇതിനിടയില്‍ പച്ച പരവതാനിയില്‍ കൂട്ടത്തോടെ മേഞ്ഞുനടക്കുന്ന ആടുമാടുകളെ ധാരാളം കാണാം ..ഫാമുകളില്‍ നിന്നും മേയാന്‍ വിട്ടതാവാം ...വെയ്ല്സിലേക്ക് ആള്‍ക്കാരെ ആകര്‍ഷിക്കുന്നത് ശാന്തമായ പ്രകൃതി ഭംഗി യാണെന്ന് തോന്നുന്നു .. (ഇത് എന്‍റെ തോന്നല്‍ മാത്രമാണ് കേട്ടോ ) അത്രയ്ക്ക് ഭംഗിയുള്ള മലനിരകളും ,പച്ചപരവതനികളും ,കരിമ്പാറ ക്കൂട്ടങ്ങളും ,പൂത്തുലഞ്ഞു നില്‍ക്കുന്ന കാട്ടുമരങ്ങളും ...വന്മരങ്ങള്‍ പോലും ഷേയ്പ്പില്‍ കട്ടുചെയ്തു മലനിരകള്‍ക്കു ഭംഗി ചേര്‍ത്തിട്ടുണ്ടിവര്‍ എവിടെ നോക്കിയാലും പച്ചപ്പട്ടുപുതച്ച സുന്ദരി തന്നെ വെയ്ല്‍സ് . ഡയാനയെ പോലെ അതിമാനോഹരി .... .
        ഈ ഗ്രാമങ്ങളിലെ വീടുകള്‍ (ചെറുതായത് കൊണ്ടല്ല കേട്ടോ ) കണ്ടപ്പോള്‍ ഞാന്‍ ചിന്തിച്ചുപോയി എങ്ങിനെയാണ് ഇവരൊക്കെ ഇവിടെ കഴിയുന്നത്‌ ? ഒരത്യാപത്തു വന്നാല്‍ എങ്ങിനെയിവര്‍ മറ്റുള്ളവരുടെ സഹായം തേടും ? പിന്നെ ഇവുടത്തെ (യു .കെ ) പ്രധാന ഗുണം 999 നില്‍ വിളിച്ചാല്‍ എത്രയും പെട്ടന്ന് സഹായഹസ്തവുമായി പോലീസ് എത്തും .അതുമാത്രമാണ് ആശ്വാസം . പിന്നെ വാര്‍ദ്ധക്യവേളയില്‍ , ഇവരുടെ ചിട്ടപ്രകാരം മക്കളൊന്നും കൂടെയുണ്ടാവില്ല .പതിനെട്ടുകഴിഞ്ഞാല്‍ ആണായാലും ,പെണ്ണായാലും സ്വന്തം കാര്യം നോക്കി പോകും ..ബോയ്‌ഫ്രണ്ട്‌  ഗേള്‍ ഫ്രണ്ട്‌ എന്നൊക്കെ പറഞ്ഞു സ്ഥലം വിടും . പിന്നീട് അമ്മയും അച്ഛനും ആകാശം നോക്കി നക്ഷത്രം എണ്ണുക. അത്രതന്നെ ...

കൂടാതെ മക്കളെക്കാളും കൂടുതല്‍ സ്നേഹം കൊടുത്തു ഇക്കൂട്ടര്‍ വളര്‍ത്തുന്നത് നായ്ക്കളെയാണ്‌ .അവറ്റകള്‍ എന്നും ഒന്നുരണ്ടെണ്ണം ഇവരോടൊപ്പം കാണും . ഇക്കൂട്ടരുടെ കള്‍ച്ചര്‍ ഒന്നുംതന്നെ നമ്മള്‍ക്ക് അംഗീകരിക്കാന്‍ പറ്റാത്തതാണ് .ചിലപ്പോള്‍ അച്ഛന്‍ ഗേള്‍ ഫ്രണ്ടിന്റെ കൂടെയാവും  ...അല്ലെങ്കില്‍ അമ്മ ബോയ്‌ ഫ്രണ്ടിന്റെ കൂടെയാവും പൊറുതി. പിന്നെ മക്കള്‍ എങ്ങിനെ നേര്‍വഴി തിരഞ്ഞെടുക്കും ഇതാണ് യു .കെ . കള്‍ച്ചര്‍ . അയ്യോ പറഞ്ഞു പറഞ്ഞു വെയ്ല്സില്‍ നിന്നും യു.കെ . മൊത്തമായെത്തിപ്പോയി .
സോറി നമുക്ക് വീണ്ടും വെയ്ല്സിലേക്ക് മടങ്ങാം .
വെയ്ല്സില്‍ ഒരു വിസിറ്ററായി പോവുകയാണെങ്കില്‍ നമുക്ക് എന്‍ജോയ് ചെയ്യാം . സിറ്റി വിട്ടാണെങ്കില്‍ സ്ഥിരതാമസം വളരെ മുഷ്കില്‍ ആണെന്നാണ്‌ എന്‍റെ പക്ഷം .ബോറടിച്ചു ചത്തു പോകും ..എത്ര കാലം നമുക്ക് പ്രകൃതി ഭംഗി ആസ്വദിച്ചു ജീവിക്കാന്‍ പറ്റും ? ..
ഞങ്ങള്‍  താമസിച്ചിരുന്ന  ഹോട്ടലില്‍ നിന്നും  നടന്നു പോകാവുന്ന  ദൂരത്തില്‍  കുറേ  നല്ല  റസിഡന്‍സ്   ഏരിയാസ്   ഉണ്ട് . അവിടന്നും  കുറച്ച്‌ ദൂരം നടന്നാല്‍   കുട്ടികളുടെ  പാര്‍ക്കും  , ഒരു  ലെയ്ക്കും ഉണ്ടെന്നു  ഹോട്ടലുകാരുടെ  വാക്ക് കേട്ട് ,അതും കൂടി  കണ്ടുകളയാമെന്നു  തീരുമാനിച്ചു  ..ഞാനും  മോളും  കൊച്ചുമോനെ  സ്ട്രോളിയില്‍ ഇരുത്തി ഉരുട്ടി  ഹോട്ടലുകാര്‍  പറഞ്ഞു തന്ന  ലക്ഷ്യം  വെച്ച്  ബോര്‍ഡ്  നോക്കി  പാലായനം ചെയ്തു ...നടന്നുപോകാനുള്ള  ദൂരമേഉള്ളൂവെന്ന  കിളി മൊഴിയുടെ  അടിസ്ഥാനത്തില്‍  റോഡിന്റെ  സൈഡിലൂടെ  ഒത്തിരി ദൂരം നടന്നു .ഇത്രയും  നടക്കന്‍  പറ്റിയത് തന്നെ  കൊച്ചുമോന്റെ  സ്ട്രോളിയുടെ സഹായത്താലാണ് ...ആരെങ്കിലും കണ്ടാല്‍ തോന്നും കൊച്ചുമോനെ തള്ളികൊണ്ടുപോവുകയാണെന്ന് ..സത്യം പറഞ്ഞാല്‍  എന്നെ നടത്തുന്നത്  ആ സ്ട്രോളിയാണ് ..പിന്നീടങ്ങോട്ട്    നടക്കാന്‍  വയ്യാന്നായി ...മോനാണെങ്കില്‍  ഹോസ്പിറ്റലില്‍  ഡൂട്ടിയിലുമാണ് .കയറ്റവും ,ഇറക്കവുമായി  റോഡ്‌  നീണ്ടു നിവര്‍ന്നു  കിടക്കുന്നു ...ഇരു സൈഡും വനാന്തരം ..ഇടയ്ക്കിടക്ക്  സൈഡില്‍  ഇരിക്കാനുള്ള  ഓരോ ബെഞ്ച്‌  ഫിറ്റ് ചെയ്തിട്ടുണ്ട്  അല്‍പ്പം ആശ്വാസം  ഇരുന്നിട്ട് യാത്ര തുടരാമെന്ന് തോന്നി ...  മോള്  കുറച്ചു  ഫോട്ടോസ്  എടുത്തു ..വീണ്ടും മുന്നോട്ട് ...കുറച്ചു ദൂരം കൂടി പിന്നിട്ടപ്പോള്‍   പാര്‍ക്ക്‌ കണ്ടു ..സന്തോഷം  തോന്നി  അവിടെ അല്‍പ്പനേരം  വിശ്രമിക്കാം   കൊച്ചുമോനെ  അല്‍പസമയം റിലീസ്‌  ചെയ്യാം  ...അവനും ഓടികളിക്കട്ടെ  , എന്നൊക്കെ  കരുതി  പാര്‍ക്കിന്നടുത്തെത്തിയപ്പോള്‍   കണ്ട കാഴ്ച ....ഞങ്ങളുടെ നടത്തത്തിന്റെ  സ്പീഡ്‌  കൂട്ടിച്ചു  . ചുരുക്കി  പറഞ്ഞാല്‍ ഓടിനടന്നുവെന്നു വേണമെങ്കില്‍  പറയാം .കണ്ട കാഴ്ച്ചപറഞ്ഞില്ല അല്ലെ  ..ഇതാ  കേട്ടോളൂ ...:"രണ്ടുമൂന്നു   ഫാമലിയും  അവരുടെ  അരുമ സന്താനങ്ങളും പാര്‍ക്ക്‌ മൊത്തം വിലസുന്നു ...ഓടുന്നു ,ചാടുന്നു ട്രപ്പീസ്  കളിക്കുന്നു , കളിപ്പിക്കുന്നു ....അവരുടെ  സന്താന ങ്ങള്‍  മനുഷ്യ കുട്ടികളല്ല   തടി മാടന്‍ നായ്ക്കള്‍   അഞ്ചാറണ്ണം " ആ ഓട്ടത്തില്‍  ഏതാണ്ട്   ലെയ്ക്കിന്ന ടുത്തെത്തി ഒന്നുചുറ്റി കണ്ടു ..അവിടെ അല്‍പ്പം വിശ്രമിച്ചു  ...കുറച്ചു ഫോട്ടോസും എടുത്തു . വെറുതെ  തിരിഞ്ഞു നോക്കിയപ്പോള്‍  അതാ വരുന്നു  നായ്ക്കളും  ഫാമലിയും ..എന്‍റെ  മുത്തപ്പാ  ഇതെന്തു  പരീക്ഷണം  ...എല്ലാത്തിനും  ഞങ്ങള്‍ ക്ക്   നീയേ തുണ .. എന്റെ സങ്കടം കണ്ടു  ഭഗവാന്‍ തുണച്ചതാവം  ഫാമലി മൊത്തം   മറു ഭാഗത്തേക്ക്   നീങ്ങി ..പിന്നീട്  സമയം  ഒട്ടും പാഴാക്കിയില്ല .ഞങ്ങള്‍  വാസസ്ഥലം  ലക്ഷ്യമാക്കി  ഇടക്കിടെ തിരിഞ്ഞു നോക്കി കൊണ്ട്   ഓടിനടന്നു ...കുറച്ചുദൂരം  പിന്നിട്ടപ്പോള്‍  നായ്ക്കള്‍ കണ്ണില്‍ നിന്നും  മറഞ്ഞപ്പോള്‍  ഒരു  ബെഞ്ചില്‍  അല്‍പ്പം വിശ്രമിച്ചു .എനിക്കാണെങ്കില്‍ ഒരടിപോലും നടക്കാന്‍ വയ്യാത്ത അവസ്ഥ കണ്ടു  മോള്  അവളുടെ  ഭര്‍ത്താവിനെ വിളിച്ചു റിക്വസ്റ്റ്  ചെയ്തു  "അല്‍പ്പം സമയം  അഡ്ജസ്റ്റ് ചെയ്തു ഒന്നിവിടം വരെ വരാന്‍  പറ്റുമോ ? ഞങ്ങളെ  ഹോട്ടല്‍  വരെ ഒന്ന്   എത്തിച്ചു  തരാമോ ? അമ്മയ്ക്ക്  തീരെ  നടക്കാന്‍  പറ്റുന്നില്ല ...ഇവിടെ ഒരു സിമന്റ് ബഞ്ചില്‍ ഇരുന്നു  സമരം ചെയ്യുകയാണ് . കാണുമ്പൊള്‍ കഷ്ട്ടം തോന്നുന്നു " മോളുടെ  പ്രഭാഷണം  കേട്ടപ്പോള്‍  ആശാന്റെ  മനസ്സലിഞ്ഞു  .നിങ്ങള്‍  അവിടെ  തന്നെ  ഇരിക്കൂ  ഞാന്‍  പത്തു മിനുട്ട് കൊണ്ടെത്താമെന്നു  പറഞ്ഞു .അങ്ങിനെ  മോന് തോന്നിയ  കൃപ കൊണ്ട്   വീണ്ടും കഷ്ടപ്പെടാതെ  റൂമിലെത്തി ..പിറ്റേ ദിവസം കാലത്ത്   ടെല്‍ഫോര്‍ഡിലേക്ക്     തിരിച്ചു  പോകേണ്ടതാണ് .അതിനാല്‍  വേഗം  വെയ്ല്സിലെ  ലാസ്റ്റ്  അത്താഴവും  കഴിച്ചു  ആലസ്യത്തോടെ  കിടക്കയെ  പുണര്‍ന്നത് മാത്രം ഓര്‍മ്മയുണ്ട് .സൂര്യകിരണങ്ങള്‍  മുഖത്ത് പതിച്ചപ്പോഴാണ് ഞെട്ടിയുണര്‍ന്നത് .പെട്ടന്നുതന്നെ  ദിനകൃത്യങ്ങളെല്ലാം ഒപ്പിച്ചു  പ്രാതലും കഴിച്ചു ,പെട്ടിയും ,പ്രമാണവു മൊക്കെ എടുത്തു  വെയ്‌ല്‍സി നോട്‌   റ്റാ...റ്റാ...  ബൈ.. ബൈ..എന്നും പറഞ്ഞു ട്ടെല്‍ഫോര്‍ഡിലേക്ക് ......
പിന്നെ ഒരുകാര്യം  ഞാന്‍  കുറച്ച്‌ ഫോട്ടോസ്   ഈ   പോസ്റ്റില്‍  ചേര്‍ത്തിട്ടുണ്ട്  ഓര്‍ഡര്‍  പ്രകാരമൊന്നുമല്ല.....ആവും വിധം ഒപ്പിച്ചതാണ് .
ഞങ്ങള്‍ നാല് ദിവസം അവിടെ താമസിച്ചു .ആസ് പാസോക്കെ കറങ്ങി .അദ്വാനിക്കാതെ (വെപ്പും കുടിയു മില്ലാതെ ) നാലുദിവസം മൃഷ്ടാന ഭോജനം .പിന്നെ അല്‍പ്പസ്വല്‍പ്പം ഫോട്ടോസും .ഞങ്ങള്‍ക്ക് ഖുഷി...

Thursday, 19 August 2010

"എന്‍റെ കൊച്ചുമോന്‍ ആദിത്യാ കൃഷ്ണ ക്കിന്നു മൂന്നാം പിറന്നാള്‍ ""
മനസ്സിലൊരായിരം നവ

സ്വപ്നങ്ങള്‍ വിരിയിച്ചു നീ
എന്‍ ഭവനത്തിലാദ്യത്തെ_
ആദിത്യനായുദിച്ചു നീ
പാല്‍പുഞ്ചിരിയാല്‍ മനം നിറയെ
പൂത്തിരി ജ്വലിപ്പിച്ചു  നീ
നിനക്കായ് നേരുന്നു ഞാന്‍
ആയുരാരോഗ്യ സൌഖ്യം പൂവിടും
മൂന്നാം പിറന്നാളാശംസകള്‍ !!
നിന്നടുത്തില്ലെന്നാലും
കേള്‍ക്കുന്നു നിന്‍ കൊഞ്ചും
ഗള മര്‍മ്മരങ്ങള്‍,കുസൃതികള്‍....
എങ്കിലും കുഞ്ഞു വാവേ
വാരിപ്പുണര്‍ന്നൂ നിന്‍
പൂമൃദു സ്പര്‍ശം നുകരാന്‍ ,
ചക്കര മുത്തമിടാന്‍
വയ്യല്ലോ......
പകരം സ്കൈപ്പിലിന്നു -
ഫ്ലൈയിംഗ് കിസ് നല്‍കീടാം ഞാന്‍!

ഇന്ന് (ഓഗസ്റ്റ്‌  20 നു )എന്‍റെ  കൊച്ചുമോന്‍  ആദിത്യാ കൃഷ്ണ യുടെ പിറന്നാള്‍ ആഘോഷിക്കുകയാണ് അലൈനില്‍ വെച്ച് ..എല്ലാ ബൂലോകര്‍ ക്കും സ്വാഗതം ..

Thursday, 22 July 2010

"അവള്‍ "(ചെറുകഥ )

അവള്‍  ഉണര്‍ന്നു ,  അല്ല ഉണര്‍ത്തി...  പ്രഭാത സുര്യ കിരണങ്ങള്‍ !  ജനല്‍  പാളിയിലൂടെ  മുഖത്തു പതിച്ചപ്പോള്‍  അവള്‍  കണ്ണുതുറന്നു . സമയം  എട്ടു മണി  കഴിഞ്ഞിരിക്കുന്നു വല്ലാത്ത  ആലസ്യം തോന്നുന്നു കാലുകള്‍ക്ക് വല്ലാത്ത  ഭാരം  നല്ല വേദനയും ....അവള്‍ ആലോചിച്ചു ..ഇനിയെന്ത് ? ഇന്ന്  എങ്ങോട്ടെക്കാണുയാത്ര തുടരേണ്ടത് ?..ഇന്നലെ  എത്ര ദൂരം  പോയി ..എങ്ങോട്ടെല്ലാം  കറങ്ങി ? ഒരു രൂപവുമില്ല . അവളുടെ മുഖത്ത്  സങ്കടം  നിറഞ്ഞ  പരിഹാസ ഭാവമായിരുന്നു ..കൂടുതല്‍  ആരോടും  അടുപ്പം  കാണിക്കാറില്ല .അവളെ കാണുമ്പോള്‍   നാട്ടുകാരില്‍ പലരും  കുശുകുശുക്കുന്നത്‌   അവള്‍ കാണാറുണ്ട്‌ . എങ്കിലും  ഇതൊന്നും തന്നെബാധി ക്കുന്ന കാര്യമല്ലെന്ന ഭാവത്തില്‍  നടന്നുപോകും .അവള്‍  ആരെന്നു  അവള്‍ക്കുതന്നെ  അറിയില്ല  അച്ഛനെയും  ,അമ്മയെയും   അവള്‍ കണ്ടിട്ടില്ല . ആരെന്നുപോലും  അറിയില്ല !
           ആരുടെയോ  കാരുണ്യത്താല്‍  ഇവിടം വരെയെത്തി ...ആരോ  പാതയോരത്ത്  പഴംത്തുണിയില്‍ ചുരുട്ടി  ഉപേക്ഷിച്ചു  പോയ  ഒരുചോര കുഞ്ഞിനെ , വീട്ടുവേലചെയ്തു  ഉപജീവനം  നടത്തുന്ന  ഒരു സ്ത്രീയാണ്  എടുത്തുവളര്‍ത്തിയത്. അവരുടെ മനസ്സില്‍  തോന്നിയ  ദയ . സമയാസമയം  അവള്‍ക്കു വേണ്ടതെല്ലാം  ആ  അമ്മ  ചെയ്തു .സ്കൂളിള്‍  അയച്ചു  പഠിപ്പിച്ചു .പഠിക്കാന്‍  അവള്‍  മിടുക്കിയായിരുന്നു . കഷ്ടപ്പാടുകള്‍  ഒരുപാടുണ്ടായിട്ടും  ആ അമ്മ അവള്‍ക്കു  ഭക്ഷണവും ,വസ്ത്രവും ,വിദ്യാഭ്യാസവും  നല്‍കി . അവള്‍  വളര്‍ന്നു വലുതാവും തോറും  അവളില്‍ അവളറിയാതെ തന്നെ  അപഹര്‍ഷതാബോധം  വളര്‍ന്നു തുടങ്ങി ..സഹപാഠികളുടെ പെരുമാറ്റം  അവളില്‍  അനാഥത്വം  കുടിയിരുത്തി .അവള്‍ക്ക് അച്ഛനും  അമ്മയും കൂടപിറപ്പുകളും  ഇല്ലെന്നും  ,താന്‍ തന്റെയെല്ലാമായി    കരുതിയിരുന്ന  അമ്മ  തന്റെ പെറ്റമ്മയല്ല  വളര്ത്തമ്മ യാണെന്ന  സത്യം  അവളെ വല്ലാതെ  നൊമ്പര പ്പെടുത്തി  .. അവള്‍ , അവളിലേക്ക്‌ തന്നെ ഒതുങ്ങാന്‍ പരിശീലിച്ചു .
     പലപ്പോഴും അവളോര്‍ത്തു ..ആരായിരിക്കും  തന്റെ  അച്ഛനുമമ്മയും  ? എന്തിനായിരിക്കും  അവര്‍  എന്നെ ആ പഴം തുണിയില്‍ ചുരുട്ടി ഉപേക്ഷിച്ചത് ? ആരാണിതില്‍   തെറ്റുകാര്‍  ? തന്നെ പ്രസവിച്ച  അമ്മയാണോ ? ലോകര്‍ അറിയുന്നതില്‍  ഭയന്ന്  ഉപേക്ഷിച്ചതാണോ ?  അതോ  കുഞ്ഞിനെ  വളര്‍ത്താന്‍  നിവൃത്തി യില്ലാതെ  ഉപേക്ഷിച്ചതാണോ ?  ..ഇതില്‍ ഞാനെന്തു തെറ്റുചെയ്തു ? എന്തിനെന്നെ  ഈ വിധത്തില്‍  അപഹാസ്യ   കഥാപാത്രമാക്കി ?  ..അവള്‍ക്ക്  എല്ലാവരോടും എല്ലാത്തിനോടും  വെറുപ്പ്‌ തോന്നി . തന്നോട് .പലരെയും  താരതമ്യം  ചെയ്തുനോക്കി ..അപ്പോള്‍  സമൂഹത്തില്‍  താന്‍ വെറും വട്ട പൂജ്യം..
ഈ സാഹചര്യങ്ങളെ  അതി ജീവിച്ചുകൊണ്ട്  അവള്‍ കോമേഴ്സില്‍  ബിരുദം  നേടി .അതാണ്‌ ആകെ കൂടിയുള്ള  സമ്പാദ്യം .അവളുടെ  നേട്ടങ്ങളും ,സങ്കടങ്ങളും  അറിയാവുന്ന  ഏക വെക്തി .. അവളുടെ  അയല്‍വാസിയായ   വത്സല  ടീച്ചറാണ്  . ടീച്ചര്‍ക്ക്  എന്തുകൊണ്ടെന്നറിയില്ല  അവളെ  ഒത്തിരി ഇഷ്ടമായിരുന്നു ..അവള്‍ക്കവരോടും വലിയ ഇഷ്ടം തന്നെ  ..അവളെ അലട്ടുന്ന  എന്തു പ്രശ്നങ്ങളും അവള്‍  അവരോടു മാത്രം ഷേര്‍ ചെയ്യുമായിരുന്നു .
      അവളുടെ അമ്മയ്ക്ക്  വീട്ടു വേലയ്ക്ക്  പോകാന്‍ വയ്യാതായി . വാര്‍ദ്ധക്യ സാഹചമായ  അസുഖങ്ങള്‍  അവരെ  തളര്‍ത്തി ..തുച്ചമായ  വാര്‍ദ്ധക്യ  പെന്‍ഷന്‍ മാത്രമായി  അവരുടെ  ഏക വരുമാനം ..ഇനിയും അവരെ  വിഷമിപ്പിക്കുന്നത്  ശരിയല്ലെന്ന്  അവള്‍ക്ക് തോന്നി . ഒരു ജോലി അത്യാവശ്യമാണ് ...തന്റെ ഏക സമ്പാദ്യമായ  ഡിഗ്രി സര്‍ട്ടിഫിക്കറ്റുമായി ,പല ഓഫീസുകളിലും ,സ്ഥാപനങ്ങളിലും  കയറിയിറങ്ങി ..എങ്ങിനെയെങ്കിലും  ഒരുജോലി തരപ്പെടുത്തണം  എന്നചിന്ത മാത്രം മനസ്സില്‍ ...നടന്നും കയറിയിറങ്ങിയും  ചെരുപ്പ് തേഞ്ഞു പോയതല്ലാതെ , ആരില്‍ നിന്നും  ഒരു സഹകരണവും  കിട്ടിയില്ല .ചിലര്‍  സഹതാപം ഭാവിക്കും ..എന്നിട്ടുപറയും " നോ വേക്കന്‍സി  അഡ്രസ്സ്  തന്നേക്കൂ ..വേക്കന്‍സി വരുമ്പോള്‍  അറിയിക്കാമെന്ന് " .മറ്റു ചില സ്ഥാപനങ്ങളില്‍  ജോലി ലഭിക്കണമെങ്കില്‍  വലിയൊരു സംഖ്യ ഡപ്പോസിറ്റ്  ചെയ്യണം ..അതിനുള്ള കഴിവ്  അവള്‍ക്കില്ലല്ലോ ..ചിലരുടെ  നോട്ടം  അവളുടെ  ശരീര വടിവിലാണ് ..ആ കഴുകന്‍ നോട്ടം കാണുമ്പോള്‍ ഉള്ളില്‍  അമര്‍ഷം  പതഞ്ഞു പൊങ്ങും .പിന്നെ പ്രതികരണ  ശേഷി നഷ്ടപ്പെട്ടവളെ  അവള്‍ നടന്നുനീങ്ങും ....

എല്ലാവിധത്തിലും  അവള്‍ക്ക് തന്നോടുതന്നെ  അറപ്പും വെറുപ്പും  തോന്നി ..ജന്മം  നല്‍കിയവരെ  മനസ്സാ ശപിച്ചു ..ഇത്രയും നികൃഷ്ട മായ ലോകത്ത്  ഏകാകിനി യായി  ചുറ്റി തിരിയേണ്ട  വിധിയോര്‍ത്ത്  മനസ്സ് തേങ്ങി .അപ്പോളവള്‍  ഓര്‍ത്തുപോയി ..തന്നെപ്പോലെ തന്നെ  അനാഥത്വത്തില്‍  എത്രയോ പേര്‍  ദുഖിക്കുന്നുണ്ടാവാം ..അങ്ങിനെ എന്നെ പോലുള്ള  അവര്‍ക്കും  എന്തെല്ലാം  തിക്താനുഭങ്ങള്‍  ഉണ്ടായിട്ടുണ്ടാവാം ..അവരും എന്നെ പോലെ  ദുഖിതരായിരിക്കില്ലേ ? ലോകരുടെ കണ്ണില്‍ ഞങ്ങള്‍  പിഴച്ച സന്തതികള്‍ !  പരിഹാസ്യ കഥാപാത്രം  !  ഇതിനു ആരാണ് തെറ്റുകാര്‍ ..ഞങ്ങള്‍ എന്തു പിഴച്ചു ? ആരുടെയോ  സന്തോഷത്തിന്റെ  അവശിഷ്ടമല്ലേ...  എന്നെ പോലുള്ളവരുടെ  ജനനം ...വല്ല കുപ്പയിലോ , പാതയോരത്തോ , പള്ളിമേടയിലോ  ഇത്തരി പഴംതുണിയില്‍ പോതിഞ്ഞുപേക്ഷിച്ചാല്‍ അവരുടെ ബാദ്ധ്യത കഴിഞ്ഞു . പിന്നീട്  ഈ ലോകത്ത്  തെറ്റുചെയ്യാതെ  ശിക്ഷിക്കപ്പെടുന്നത്  എന്നെ പോലുള്ളവരെയാണല്ലോ  ..ചിന്തകള്‍  പലവഴിക്കും  തിരിഞ്ഞു  സമയം പോയതറിഞ്ഞില്ല ..സമയം  പത്തു മണി ആകാറായി ..ഇനിയും   ചടഞ്ഞുകൂടിയിരുന്നാല്‍  ശരിയാവില്ല .എന്തെങ്കിലും  ജോലി  കണ്ടെത്തിയേ പറ്റൂ ..അവള്‍ വേഗം  ദിനകൃത്യങ്ങള്‍  നടത്തി ..ഉള്ളതില്‍ വെച്ച് നല്ലതെന്നുതോന്നിപ്പിക്കുന്ന  ഒരു ചുരിദാര്‍  എടുത്തു ,വേഗത്തില്‍ ഡ്രസ്സ് ചെയ്തു .അമ്മ കൊടുത്ത  ഒരു ഗ്ലാസ്‌ ചായയും  അല്‍പ്പം കപ്പ പുഴുങ്ങിയതും  അവള്‍ കഴിച്ചു .കുടയും ബാഗുമെടുത്ത് , അമ്മയോട്  സമ്മതം ചോദിക്കുന്ന മട്ടില്‍  തലയൊന്നു കുലുക്കി  വീട്ടില്‍ നിന്നും ഇറങ്ങി .ഒരു നിമിഷം  തന്നെ സൃഷ്ടിച്ച  ദൈവത്തിനെ  സ്മരിച്ചു .ഇന്നുഞാന്‍ എങ്ങോട്ടാണ് പോകേണ്ടത് ? ആരില്‍ നിന്നാണ്  ഒരിത്തിരി  കരുണ  ലഭിക്കുക ?  അവളുടെ മനസ്സില്‍ നിറഞ്ഞ  ശൂന്യത  മാത്രം ...അവളറിയാതെ ..പാദങ്ങള്‍ ചലിച്ചുകൊണ്ടിരുന്നു  ....
.

Monday, 7 June 2010

" മുജെ ഹിന്ദി നഹി മാലൂം " ?????

എന്റെ ആദ്യത്തെ" വിദേശ" യാത്ര  1974  നവംമ്പറില്‍  പൂനയിലേക്കായിരുന്നു ..(കേരളം  വിട്ടുള്ള കന്നിയാത്ര ..) ഭര്‍ത്താവിനൊപ്പം അദ്ദേഹത്തിന്‍റെ  ജോലി സ്ഥലത്തേക്ക് .കൂടെ ഏഴുമാസം പ്രായമുള്ള ഞങ്ങളുടെ  ആദ്യ കണ്മണിയായ  ഷൈനിമോളും .രണ്ടു ദിവസം മുഴുവന്‍ ട്രെയ്നില്‍ ...മൂന്നാം ദിവസം എത്തി ..ഹോ!! ..മടുപ്പിക്കുന്ന യാത്ര ..(ഇടയില്‍  ഒരുകാര്യം പറഞ്ഞോട്ടെ ..എന്റെ കുട്ടിക്കാലത്ത്  ഒത്തിരി ഇഷ്ട്മായിരുന്നു  ട്രെയിന്‍ യാത്ര .അന്ന് അച്ഛനോടും ,അമ്മയോടുമൊപ്പം  എന്റെ ചേച്ചിയുടെ  ഭര്‍തൃ വീട്ടില്‍ ..ചിറക്കലില്‍ നിന്നും തലശ്ശേരിക്കുള്ള  യാത്ര ..  ..ഹോ! എന്തു രസമായിരുന്നു ...ട്രെയിന്‍ ജനാലക്കല്‍ ഇരുന്നു  നമുക്കെതിര്‍ ദിശയിലേക്കോടുന്ന    മരങ്ങളും  ,മൃഗങ്ങളും ,കെട്ടിടങ്ങളും മറ്റും കാണാന്‍ ...ഓടികുണ്ടിരിക്കുന്നത്  ട്രെയ്നാണെന്ന്  അന്നത്തെ കുഞ്ഞു കുട്ടിക്കറിയില്ലായിരുന്നു...)അവിടെയെത്തിയത്തിനു  പിറ്റേ ദിവസം ,എന്തുകൊണ്ടെന്നറിയില്ല  എന്റെ കുഞ്ഞുമോള്‍ക്ക്  നിലയ്ക്കാത്ത ചര്‍ദ്ദിയും ,വയറിളക്കവും ..ഒരു ദിവസം ക്കൊണ്ട് ചുരുങ്ങിയത്  ഇരുപതു തവണ യെങ്കിലും തുടര്‍ന്നിട്ടുണ്ടാവാം ...  ഹോ  എന്റെ ദൈവമേ ..ഞങ്ങള്‍ മോളെയും കൊണ്ട് അടുത്തുള്ള  വെല്‍ ഫെയര്‍  സെന്റെറിലേക്കോടി  .ഡോക്ടര്‍  കാര്യമായ  കുഴപ്പമൊന്നും  ഉള്ളതായി പറഞ്ഞില്ല .മെഡിസിന്‍  കൃത്യമായി കൊടുക്കാനും ,പാലിന് പുറമേ  തിളപ്പിച്ചാറ്റിയ  വെള്ളം ഒത്തിരി കുടിപ്പിക്കാനും പറഞ്ഞു . തന്നിരുന്ന മെഡിസിന്‍ കൃത്യമായി കൊടുത്തെങ്കിലും  മോളുടെ അസുഖത്തിനു  ഒരുമാറ്റവുമില്ലാതെ തുടര്‍ന്ന് ..സമയം അര്‍ദ്ധരാത്രിയോളമായി .കുടിക്കുന്ന പാലും ,വെള്ളവും മുഴുവനായും  രണ്ടു വഴിക്കായി  പുറത്തു പോയിക്കൊണ്ടിരുന്നു ..ഞാനും  എന്റെ ചേട്ടനും  ബേജാറോടെ മുഖത്തോടുമുഖം  നോക്കി ..അവരവരുടെ  മനസ്സിലോടുന്ന  ചിന്തകള്‍  തമ്മില്‍ത്തമ്മില്‍  അറിയിക്കാതെ  എങ്ങിനെയോ  നേരം വെളുപ്പിച്ചു ..അപ്പോഴേക്കും  മോളുടെ നാവു പുറത്തേക്ക്  തൂക്കിയിട്ടിരിക്കുകയായിരുന്നു  ..എന്റെ ഈശ്വരന്മാരെ   ഞങ്ങളുടെ പൊന്നുമോളെ  രക്ഷിക്കണേ ..എന്റെ അറിവിലുള്ള  ദൈവങ്ങള്‍ക്കൊക്കെ  വഴിപാടു നേര്‍ന്നു ...ഉടനെ  ആര്‍മി വണ്ടി  വരുത്തി  പൂന  ആര്‍മി ഹോസ്പിറ്റലിലേക്ക്  പുറപ്പെട്ടു ...എന്റെ മോളുടെ സ്ഥിതി  വളരെ മോശമായ്ക്കൊണ്ടിരിക്കുകയായിരുന്നു .എന്റെ മനസ്സിലൂടെ ഒരുപാട് ചിന്തകള്‍ കടന്നുപോയിക്കൊണ്ടിരുന്നു ...എന്തിനാണീശ്വരാ പൂനയിലേക്ക്‌  വരാന്‍ തോന്നിയത് ..ഈ നാട്  എന്റെ  മോളെ എനിക്ക്  നഷ്ടപ്പെടുത്തുമോ  ?..പലപല ചിന്തകളാല്‍  ഹോസ്പിറ്റലില്‍  എത്തിയതറിഞ്ഞില്ല ..
മോളെയും കൊണ്ട്  കാഷ്വാലിറ്റിയിലെക്കോടി .മോളുടെ അവസ്ഥ കണ്ടതിനാലാവം  ഡോക്ടര്‍ പെട്ടന്നുതന്നെ പരിശോധിച്ചു ..കുട്ടിയെ ഉടനെ അഡ്മിറ്റ് ചെയ്യണം  കേസ് സീരിയസ്സ് ആണ് ..രാത്രിതന്നെ  ഹോസ്പിറ്റലില്‍ എത്തിക്കാത്തതിനു  ഡോക്ടര്‍ വഴക്കുപറഞ്ഞു ... അഡ്മിറ്റ്  എന്ന് കേട്ടത് മുതല്‍  എനിക്ക്  ബേജാറ്കൊണ്ട്   ശ്വാസം നെഞ്ചില്‍ കുടുങ്ങിയത് പോലായി ..മേലോട്ടും താഴോട്ടും  വരുന്നില്ല .
ഒന്നാമതായി  എന്റെ പൊന്നുമോളെ എനിക്ക് നഷ്ട്ടപ്പെടുമോയെന്ന പേടി .മറ്റൊരുകാര്യം  എനിക്ക് ഹിന്ദി സ്കൂളില്‍  പഠിച്ച അറിവല്ലാതെ ഹിന്ദി സംസാരിക്കാന്‍ അറിയില്ല ..അവിടെയാണെങ്കില്‍  എല്ലാവരും സംസാരിക്കുന്നത്  ഹിന്ദിയില്‍ ...ഏട്ടനാണെങ്കില്‍  അവിടെ നില്‍ക്കാനും പറ്റത്തില്ല .വിസിറ്റെഴുസ്  ടൈമില്‍  മാത്രമേ വരാന്‍ പാടുള്ളൂ ...ഞാനാകെ ധര്‍മ്മസങ്കടത്തിലായി  .സമയം 11മണി  ...വൈകുന്നേരം  നാലുമണി വരെ  വാര്‍ഡില്‍ കുറെ ഹിന്ദി ക്കാരുടെ നടുവില്‍ എന്നെയും മോളും തനിച്ചു വിട്ടു ....എന്റെ മന :സമാധാനത്തിനുവേണ്ടി  ഏട്ടന്‍ ഒരു മലയാളി നേഴ്സ് നെ കണ്ടെത്തി ..എന്നെ കാട്ടികൊടുത്തിട്ട്‌ ,ഇയാള്‍ക്ക് ഹിന്ദി സംസാരിക്കാന്‍ അറിയില്ല  എന്തെങ്കിലും ആവശ്യം വരികയാണെങ്കില്‍  ഒന്ന് ഹെല്പ് ചെയ്യണേ യെന്നു റിക്വസ്റ്റ് ചെയ്തു ..എന്നിട്ട് എന്നോട്  ഏട്ടന്‍ പറഞ്ഞു   പേടിക്കേണ്ട  ഡോക്ടര്‍ വരുമ്പോള്‍  അവര്‍ കൂടെയുണ്ടാവും ..അവരെല്ലാം മലയാളത്തില്‍  പറഞ്ഞുതരും ...നാലുമണിക്ക് ഞാനെത്തുമെന്നും പറഞ്ഞു  പുള്ളിക്കാരന്‍  ക്വാട്ടെഴ്സ്സിലേക്കും  പോയി .
പിന്നെ അടുത്ത  ഊഴം ..ഡോക്ടരുടെ വരവായി .കൂടെ രണ്ടുമൂന്നു കുട്ടി ഡോക്ടര്‍മാരും  എന്റെ നെഞ്ചിടിപ്പ് കൂടാന്‍ തുടങ്ങി ..ശരിക്കും പറഞ്ഞാല്‍ അടുത്തു നില്‍ക്കുന്നവര്‍ക്ക് കേള്‍ക്കാം ..  എന്നെ പരിചയ
പ്പെടുത്തിയ സിസ്റ്ററെ  കണ്ടപ്പോള്‍  അല്‍പ്പം ആശ്വാസം തോന്നി .അവര്‍ സഹായിക്കുമല്ലോ .പിന്നെ  ഡോക്ടര്‍ മോളെ പരിശോധിച്ചു ..എന്നിട്ട് എന്റെ നേരെ തിരിഞ്ഞു "ബച്ച കിത്തനെ ബാര്‍  ട്ടട്ടികിയ ,കിത്തനെബാര്‍  ഉള്‍ട്ടി കിയാ "എനിക്ക് ഒന്നും മറുപടിപറയാന്‍  കഴിയാതെ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ ..   സിസ്റ്ററുടെ വക "ബത്താവോന  കിത്തനാ ബാര്‍ കിയാ " എന്റെ കണ്ണില്‍ കണ്ണീര്‍ നിറഞ്ഞു വന്നു  എനിക്കൊന്നും പറയാന്‍ പറ്റുന്നില്ല ..ഡോക്ടര്‍ക്ക്‌  എന്തോ എന്നോട് സഹതാപം തോന്നി ..ആര്‍ യു മലയാളി ? ഞാന്‍ തലയാട്ടി ..പിന്നീട്   നല്ല തമിഴ് ചുവയുള്ള മലയാളത്തില്‍  എന്നോട്  മോളുടെ കാര്യങ്ങളൊക്കെ തിരക്കി  .ഞാന്‍ എല്ലാം വിശദമായി  പറഞ്ഞു ..
ഡോക്ടര്‍ മെഡിസിനും  ഗ്ലൂക്കോസും  സ്റ്റാര്‍ട്ട്  ചെയ്തു ..  ഏതാനും മണികൂറുകള്‍ കൊണ്ട്  മോളുടെ പുറത്തേക്ക് തൂക്കിയിട്ടിരുന്ന  നാവ്‌ ഉള്ളിലേക്ക്  വലിഞ്ഞു ..മോളുടെ മുഖത്തു  ഇത്തിരി  പ്രസരിപ്പ്  വരാന്‍ തുടങ്ങി ..എല്ലാം ഈശ്വര കൃപ ...    
 (സോറി ഇനിഞാനൊരു കാര്യം പറഞ്ഞോട്ടെ ..ആ "അഹങ്കാരി "യായ മറുനാടന്‍ മലയാളി സിസ്റ്ററെ  ഞാനെന്നും  ഓര്‍ക്കും ..ശരിക്കും പറയുകയാണെങ്കില്‍  മലയാളികള്‍ക്ക് തന്നെ  അപമാനമാണ്  ഇങ്ങിനെയുള്ള ചിലര്‍ ..കൂട്ടത്തില്‍ ആ നല്ല  തമിഴ് ഡോക്ടറെ  ഒരിക്കലും മറക്കില്ല ..മറക്കാന്‍  പറ്റില്ല  മോളുടെ പുനര്‍ജന്മം ...അദ്ദേഹത്തിന്‍റെ വരധാനമാണ് എന്നും ഞാന്‍ കരുതുന്നു ..)   
നാലുമണി ആയപ്പോഴേക്കും  ഏട്ടന്‍ തിരിച്ചെത്തി .മോളുടെ  ആദ്യാവസ്ഥയില്‍  വന്ന മാറ്റം കണ്ട് ഏട്ടന്‍ ഒത്തിരി സന്തോഷിച്ചു ..പിന്നെ ഡോക്ടര്‍ ഹിന്ദി യില്‍ മോളുടെ വിവരം തിരക്കിയതും  ഞാന്‍ മിണ്ടാതിരുന്നതും ,ഏല്‍പ്പിച്ച മലയാളി സിസ്റ്ററുടെ  പ്രകടനവും  വിശദമായി  ഏട്ടനോട് പറഞ്ഞു ..അന്നുമുതല്‍  ഏട്ടന്റെ വക ഹിന്ദി ക്ലാസ്സ്‌ തുടങ്ങി ..ഒരു ഡയറിയില്‍  ഡോക്ടറോട്  ചോദിക്കേണ്ടതും   പറയേണ്ടതുമായ   വാചകങ്ങള്‍ ,മറ്റുള്ളവര്‍ വല്ലതും ചോദിച്ചാല്‍  പറയേണ്ടത് ..അങ്ങിനെയങ്ങിനെ   നീണ്ട ഒന്‍പതു  ദിവസം ...ഞങ്ങളുടെ മോള് പൂര്‍ണ്ണ ആരോഗ്യവതിയായി  .കൂട്ടത്തില്‍  അമ്മ അച്ഛനിലൂടെ  അത്യാവശ്യം  വേണ്ടുന്ന  ഹിന്ദിയും  പഠിച്ചു .അന്നത്തെ ആ ഒന്‍പതു ദിവസം  ഓര്‍ക്കുമ്പോള്‍ ഇന്നും മനസ്സ് പിടയും ..
പിന്നെ   ഭാഷയറിയാത്തോരിടത്തു  അക്കാലത്ത് (ഇപ്പോഴാണെങ്കില്‍  നോ പ്രോബ്ലം )എത്തിപ്പെട്ടാലുള്ള  അവസ്ഥ  വളരെ ദയനീയമാണ് ....സംസാരിക്കുമ്പോള്‍  തോട തോടാ  എന്നുപയോഗിക്കേണ്ട  സ്ഥാനത്തു  നമ്മള്‍  സ്കൂളില്‍  പഠിച്ചിരുന്ന   ..കുച്ച് =കുറച്ച്‌ എന്നര്‍ത്ഥം വെച്ച്  കുച്ച് കുച്ച്  എന്ന് പറഞ്ഞിട്ടുണ്ട് ഞാന്‍ ..കേട്ടവര്‍ ചിരിക്കും ...ഹോസ്പിറ്റലിലെ ഹിന്ദി ക്കാരിയായ   തൂപ്പുകാരി    ഒരു ദിവസം എന്നോട് പറഞ്ഞു "ബഹന്ജി ഉതര്‍ നഹി തൂക്ന " സത്യത്തില്‍ എനിക്ക് അവര്പറഞ്ഞ  കാര്യം  മനസ്സിലായില്ല .ഞാന്‍ എന്നോടായിരിക്കില്ല അവര്‍ പറഞ്ഞത് എന്നുകരുതി  അവരുടെ മുന്നില്‍ വെച്ചുതന്നെ അവിടെ തുപ്പി ..ആസ്ത്രീ  എന്തൊക്കെയോ പിറുപിറുത്തുകൊണ്ട്   നടന്നുപോയി ..     
ഞാനാദ്യം  സംസാരിക്കാന്‍ പഠിച്ച ഹിന്ദി  ഇങ്ങിനെയാണ്‌ ..കിത്തനബാര്‍  ട്ടട്ടികിയാ ?   തീന്‍  ബാര്‍ ട്ടട്ടി കിയാ ഹെ ..കിത്തനെ  ബാര്‍  ഉള്‍ട്ടി കിയാ ഹെ ?  ഇത്തനാബാര്‍ ....അങ്ങിനെ തുടര്‍ന്നൂ എന്റെ ഹിന്ദി പഠനം ...ഒന്നും അറിയാത്ത  അവസരത്തില്‍  എനിക്ക് തോന്നിയിട്ടുണ്ട്  ഈ ഹിന്ദിക്കാര്‍  എന്തിനാണപ്പാ  ഏതു നേരവും എന്തുപറഞ്ഞാലും അച്ഛാ അച്ഛാ അച്ഛാ  എന്നിങ്ങനെ വിളിച്ചുകൊണ്ടിരിക്കുന്നത്  എന്ന് ..സംശയം ഏട്ടന്‍ വന്നപ്പോള്‍ ചോദിച്ചു ...എന്റെ സംശയം കേട്ടപ്പോള്‍ ആദ്യം അങ്ങേരു  കുടുകുടാ ചിരിച്ചു ..എനിക്ക് ദേഷ്യമാ വന്നത് ..നിങ്ങള്‍ കാര്യം പറയാതെ.. ക്ക് ക്ക് ക്ക് ചിരിക്കുന്നതെന്തിനാ ?പുള്ളിക്കാരന്‍  ചിരി നിര്‍ത്തി പറഞ്ഞു ..എടി പൊട്ടി  അവര്‍ അച്ഛനെ വിളിക്കുന്നതല്ല ..ഒരാള്‍ മറ്റൊരാളോട് സംസാരിക്കുമ്പോള്‍ ..ഒകെ  അല്ലെങ്കില്‍  ശരി എന്നൊക്കെ പറയാറില്ലേ ..അതുപോലെ  അവരുടെ ഭാഷയില്‍  അച്ചാ..അച്ചാ എന്നുപറയും ..
ഞാന്‍  പലപ്പോഴും ഇതൊക്കെ ഓര്‍ത്ത്(അറിവില്ലായ്മ ) പലരോടും പറഞ്ഞും ചിരിക്കാറുണ്ട് .
പിന്നീട് രണ്ടു വര്‍ഷത്തിനു  ശേഷം  ഇതേ  ഹോസ്പിറ്റലില്‍  എന്റെ  രണ്ടാമത്തെ ഡെലിവറിക്ക് വേണ്ടി  പോയിരുന്നു ..അപ്പോള്‍ എനിക്ക് ഹിന്ദിക്ക്  പഞ്ഞമില്ലായിരുന്നു ..എന്റെ ആദ്യാനുഭവം  മനസ്സിലുള്ളതുകൊണ്ടാവാം ,ഹിന്ദി അറിയാതിരുന്ന രണ്ടുമൂന്നു പേരെ ഞാന്‍ പല അവസരത്തിലായി  സഹായിച്ചിട്ടുണ്ട് . ഇതൊക്കെ  ജീവിതത്തിലെ  മറക്കാന്‍ പറ്റാത്ത  പാഠങ്ങളാണ്...
ഇതിലെ കഥാപാത്ര മായിരുന്ന  മോള്   UKyil  കുടുംബ സമേതം  കഴിയുന്നു ..അവര്‍ക്ക് രണ്ടു വയസ്സുള്ള ഒരു  മകനുണ്ട് ,അവളുടെ ഭര്‍ത്താവ് ..ഇവിടെ  ഡോക്ടറാണ് .അവള്‍ ഇപ്പോള്‍ വര്‍ക്ക് ചെയ്യുന്നില്ല ..ഇപ്പോള്‍  ഇവരോടൊപ്പം  കൊച്ചുമോന്റെ കളികൂട്ടായി  ആറുമാസത്തേക്ക് cഞാനും ഇവിടെയുണ്ട്  ...
    

Tuesday, 11 May 2010

"നഷ്ട വസന്തം അവസാന ഭാഗം "നശിച്ചവളെ  ഇതിനാണോടി  കെട്ടി ചുറ്റി പഠിക്കാനെന്നും  പറഞ്ഞു ഇവിടെ നിന്നും പോകുന്നത് ? ഒരു താഴ്ന്ന ജാതിക്കാരനെ  മാത്രമേ  നിനക്ക് പ്രേമിക്കാന്‍  കിട്ടിയുള്ളൂ ?   കുടുംബം നശിപ്പിക്കാന്‍ പിറന്ന സാത്താന്റെ സന്തതി ..അമ്മാവി നാവില്‍ കൊള്ളാവുന്നത്ര തെറികള്‍ വിളിച്ചു കൂവി കൊണ്ടിരുന്നു ..എല്ലാം കേട്ടറിഞ്ഞു വല്യമ്മാവന്‍ കലിതുള്ളികൊണ്ടു ഓടിവന്നു മുടിക്ക് കുത്തി പിടിച്ചു  അരിശം  തീരുവോളം  തിരിച്ചും മറിച്ചും തല്ലികൊണ്ടിരുന്നു  ..കുഞ്ഞമ്മാവന്‍  തല്‍സമയം എത്തിയില്ലായിരുന്നുവെങ്കില്‍  അവര്‍ എന്നെ തല്ലിക്കൊന്നു കുഴിച്ചു മൂടുമായിരുന്നു .അവര്‍ എന്റെ പുസ്തകങ്ങളൊക്കെ  പിച്ചിക്കീറി നശിപ്പിച്ചു ..പിന്നീട് എന്നെ കോളേജില്‍ പോകാന്‍ അനുവദിച്ചില്ല ..അങ്ങിനെ ആ അദ്ധ്യായവും അവിടെ അവസാനിച്ചു ..എന്നെ കോളേജില്‍ ചേര്‍ത്തതിന്റെ  പേരില്‍ വല്യമ്മാവനും  കുഞ്ഞമ്മാവനും തമ്മില്‍ വഴക്കുണ്ടായി ..അത് കയ്യാങ്കളിയില്‍ അവസാനിച്ചു .അന്ന് കുഞ്ഞമ്മാവന്‍  തറവാട്ടില്‍നിന്നും  ഇറങ്ങിപോയതാണ് ...പിന്നീടിതുവരെ  തിരിച്ചുവന്നില്ല ...എന്തു സംഭവിച്ചെന്നു  ഒരറിവുമില്ല
അങ്ങിനെ  ആ വീട്ടില്‍  ഞാന്‍ തീര്‍ത്തും  ഒറ്റപ്പെട്ടവളായി.വീണ്ടും ഒരിക്കല്‍ ക്കൂടി  മുരളിയെ കണ്ടു എന്നെ  എങ്ങോട്ടെങ്കിലും  കൊണ്ടുപോയി  രക്ഷിക്കു യെന്നു  പറയണമെന്നുണ്ടായിരുന്നു .പക്ഷെ വീട്ടില്‍ നിന്നും പടിപ്പുരക്കു പുറത്തു  കടക്കാന്‍ അനുവാദമില്ലായിരുന്നു .എങ്കിലും  ലേഖയോ ,മുരളിയോ തന്നെ തേടി വരുമെന്ന പ്രതീക്ഷ  ആശക്ക്‌ വക നല്‍കി .ആരെങ്കിലും ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടാല്‍ അവരായിരിക്കുമെന്നു കരുതി നെഞ്ചില്‍ ഒരു പടപടപ്പാണ്....ആരും കാണാതെ ചെന്ന് നോക്കും ..ഫലം നിരാശ മാത്രം ..ഗേറ്റില്‍ കണ്ണും നട്ടു കാത്തിരിപ്പ് നീണ്ടുപോയതല്ലാതെ ...ആരും എന്നെ തേടി വന്നില്ല .അങ്ങിനെ  വര്‍ഷത്തിന്റെ ദൈര്‍ഘ്യ ത്തോടെ ഒരുമാസം  കടന്നുപോയി .
ഒരു ദിവസം  ഗീത കോളേജില്‍ പോയശേഷം  അവളുടെ റൂം തൂത്ത് വൃത്തിയാക്കവേ  അവളുടെ മേശപ്പുറത്തു  കിടന്ന കവറിന്‍മ്മേലുള്ള  കയ്യക്ഷരം ...അതുതുറന്നുനോക്കാന്‍  മനസ്സിനെ പ്രേരിപ്പിച്ചു ..
അതില്‍ മുരളിയുടെ ഫോട്ടോയും ,ഗീതക്കുള്ള  ഒരു കത്തുമായിരുന്നു .അക്ഷരങ്ങളിലൂടെ കണ്ണോടിച്ചപ്പോള്‍  ഞാനാകെ  തളര്‍ന്നു പോയി ..വായിച്ചു മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല ....അന്ന് മുതല്‍  ഞാന്‍ അയാളെ  വെറുത്തു ..ഒരു നികൃഷ്ട ജീവിയെപ്പോലെ ...  
 ജീവിതത്തില്‍  ഇനിയൊരിക്കലും കണ്ടുമുട്ടരുതെന്ന്  ആഗ്രഹിച്ചു  . പിന്നീടയാളെ പറ്റി ഒരിക്കലും  ചിന്തിച്ചില്ല . മരവിച്ച മനസ്സുമായി  ഒരു ജീര്‍ണ്ണിച്ച നിഴലായി കഴിഞ്ഞുകൂടി  . ഗീതയുടെ  ആനുവല്‍   എക്സാം  കഴിയുന്ന  ദിവസം  കോളേജില്‍  പോയതാണവള്‍ . രാത്രിയായിട്ടും  തിരിച്ചുവന്നില്ല . അന്വേഷണത്തില്‍ മനസ്സിലായത് അവള്‍ മുരളിയോടൊപ്പം നാടുവിട്ടുപോയെന്നാണ് . ഹോ  ...എന്നിട്ടിപ്പോള്‍ മൂന്നുവര്‍ഷങ്ങള്‍ക്കു ശേഷം അവളും അവളുടെ മണിക്കുട്ടന്റെ   അച്ഛനായികൊണ്ട് ..     അമ്മാവന്റെയും അമ്മാവിയുടെയും പ്രിയപ്പെട്ട മരുമകനായി  മുരളി പടിപ്പുര കയറി വന്നിരിക്കുന്നു ...... ഗീതയെ മുരളിയുടെ കൂടെ ഡല്‍ഹിയില്‍  വച്ച് കണ്ടുമുട്ടിയെന്നും അവര്‍ക്ക് ഒരു കുഞ്ഞു പിറന്നിരിക്കുന്നെന്നും  അമ്മാവന്റെ കൂട്ടുകാരനായ രാമന്‍ പിള്ളയുടെ  മകന്‍  അറിയിച്ചപ്പോള്‍ അന്ന് ഭൂകമ്പം സൃഷ്ട്ടിച്ച  അമ്മാവന്‍ തന്നെയാണോ  അകത്തെമുറിയില്‍ നിന്നും  പൊട്ടിച്ചിരിക്കുന്നത് ......
അടുക്കളയില്‍ പത്രങ്ങളുടെ കൂട്ടിമുട്ടലുകളുടെ  കലമ്പല്‍ കേള്‍ക്കാം . മകളേയും മരുമകനേയും   വിഭവ സമൃദ്ധമായൂട്ടാന്‍  അമ്മായി അടുക്കളയില്‍  ഒരുക്കങ്ങള്‍ നടത്തുകയവാം . ഞാനെന്ന മനുഷ്യജീവി  ഈ വീട്ടിലുണ്ടെന്ന്  ആരും ഓര്‍ത്തതേയില്ല  . ലതിക ഒരിക്കല്‍ കുടി തന്റെ  കഴിഞ്ഞകാല ജീവിതത്തിലേക്ക് പിന്തിരിഞ്ഞുനോക്കി . നഷ്ടങ്ങള്‍  മാത്രമേ ഉണ്ടായിരുന്നുള്ളു.  വീണ്ടെടുക്കാന്‍ പറ്റാത്ത നഷ്ടങ്ങള്‍  . ഈ വീട്ടില്‍ തനിക്കൊഴികെ  ഇന്നൊരുല്സവ  ദിവസമാണ്   .തന്നെയാരും ശ്രദ്ധിക്കില്ലെന്നറിയാം.. . അവള്‍ വാതില്‍ പാളികള്‍ തുറന്നു ഇരുട്ടിലേക്ക് ഇറങ്ങി . അമ്മയുടെ കുഴിമാടത്തിനരികെ ചെന്ന് നമസ്ക്കരിച്ചു .  അവളുടെ കണ്ണില്‍നിന്നും കണ്ണീര്‍ ത്തുള്ളികള്‍ ഉതിര്‍ന്നു വീണു .............. തലയുയര്‍ത്തി ആകാശത്തിലേക്ക്  നോക്കിയപ്പോള്‍ ഇരുട്ടിലും കാര്‍ മേഘകൂട്ടങ്ങള്‍ക്കിടയില്‍ നിന്നും അച്ഛനും അമ്മയും മാടിവിളിക്കുന്നതായി തോന്നി .  .....അവളൊരിക്കല്‍ കുടി കുഞ്ഞമ്മവനെ ഓര്‍ത്തു .  അമ്മാവാ... അങ്ങ് എവിടെയാണ് ? നഷ്ടങ്ങളില്ലാത്ത  നാട്ടിലാണോ ?  ഈ  ലതിമോളെയുംകൂടെ  കൊണ്ട് പോകു . അവളെങ്ങോട്ടെന്നില്ലാതെ   ഇറങ്ങി നടന്നു  .  അപ്പോഴും  അമ്മാവന്റെയും മുരളിയുടെയും പൊട്ടിച്ചിരി കേള്‍ക്കാമായിരുന്നു  . തന്നെ  പരിഹസിക്കും പോലെ ..............
 ഈ കഥ ഇവിടെ അവസാനിക്കുന്നു .
       
     

Monday, 26 April 2010

"നഷ്ട വസന്തം "(മൂന്നാം ഭാഗം )

ചേച്ചിയെ ഇങ്ങനെ വേലക്കാരിയെ പോലെ ദ്രോഹിക്കരുതെന്നും അവര്‍ നമ്മുടെ ഒരെയൊരു സഹോദരിയണെന്നും പലപ്രാവശ്യം കുഞ്ഞമ്മാവന്‍ വല്യമ്മവനെ ഓര്‍മ്മപ്പെടുത്തി . ഇതിന്റെ പേരില്‍ ഒരവസരത്തില്‍ അമ്മാവന്മാര്‍ തമ്മില്‍ വലിയ തര്‍ക്കങ്ങള്‍ വരെ ഉണ്ടായി . കുഞ്ഞമ്മാവന്‍ ആ ഗ്രാമപ്രദേശത്തെ പ്രൈമറിസ്കൂള്‍ അധ്യപകനായിരുന്നു . എനിക്കും അമ്മയ്ക്കും വേണ്ടതിനൊക്കെ ചിലവിട്ടിരുന്നത് കുഞ്ഞമ്മവനയിരുന്നു .എനിക്ക് ആറുവയസ്സു തികഞ്ഞപ്പോള്‍ കുഞ്ഞമ്മാവന്റെ സ്കൂളില്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ത്തു.

വല്യമ്മാവന്റെ മക്കള്‍ നഗരത്തിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പഠിക്കുന്നത് ....കാലത്തും വൈകുന്നേരവും അവര്‍ സൈക്കിള്‍റിക്ഷയില്‍ യാത്രചെയ്യുമ്പോള്‍ ...,ഞാന്‍ കുഞ്ഞമ്മാവന്റെ കൈപിടിച്ചു പുസ്തകസഞ്ചി തോളില്‍ തൂക്കി സ്കൂളില്‍ പോകുമായിരുന്നു . ദേവി ചേച്ചിക്കും, രഘുചെട്ടനും,ഗീതയ്ക്കും ടീച്ചറെ വീട്ടില്‍ വരുത്തി ട്ട്യൂഷന്‍ കൊടുത്തിരുന്നു . എനിക്ക് അന്നന്നെടുക്കുന്ന പാഠങ്ങള്‍ കുഞ്ഞമ്മാവന്റെ സഹായത്തോടെ ഞാന്‍ പഠിച്ചു ....ഓരോക്ലാസ്സിലും നല്ല മാര്‍ക്ക് വാങ്ങി ജയിച്ചിരുന്നു ... എഴാം ക്ലാസ്സില്‍നിന്നും പാസ്സായപ്പോള്‍ എന്നെ ഹൈസ്കൂളിലേക്ക് മാറ്റി ചേര്‍ത്തു .പിന്നീടുള്ള സ്കൂള്‍ യാത്ര തനിച്ചായി...ആദ്യമൊക്കെ വിഷമം തോന്നിയെങ്കിലും ക്രമേണ അത് ശീലമായി...

പുലര്‍കാലേ എഴുന്നേറ്റു പഠിക്കുക എന്റെ ശീലമായിരുന്നു .പഠിത്തം കഴിഞ്ഞാല്‍ അടുക്കള ജോലിയില്‍ അമ്മയെ സഹായിക്കും .....കുറച്ചു ദിവസങ്ങളായി അമ്മ തീരെ അവശയായിരുന്നു. മുപ്പത്തിയഞ്ചാം വയസ്സില്‍ അമ്മയിലൊരു അറുപതിന്റെ വാര്‍ദ്ധക്യം കാണപ്പെട്ടു ....അമ്മ ഒന്നിനും ആരോടും ആവശ്യപ്പെടുകയോ പരതിപ്പെടുകയോ ചെയ്യുമായിരുന്നില്ല..... എല്ലാം സഹിക്കേണ്ടവളാണെന്ന ധാരണയില്‍ കഴിഞ്ഞു പോന്നു ...ആരെയും കാത്തുനില്‍ക്കാതെ ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും കടന്നുപോയി....

ജൂണ്‍ അഞ്ച് !!!അത് ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസം ആയിരുന്നു .ഒന്‍പതാം ക്ലാസ്സിലേക്ക് പാസ്സായതിന്റെ സന്തോഷത്തോടെയാണ് അന്നും ഞാന്‍ സ്കൂളില്‍ പോയത്. ഉച്ചയ്ക്ക് ഏതാണ്ട് രണ്ടുമണിയായപ്പോള്‍ കുഞ്ഞമ്മാവന്‍ സ്കൂളിലേക്ക് വന്നു. ക്ലാസ്സ്‌ ടീച്ചറോട്‌ എന്തോ സംസാരിക്കുന്നതായി കണ്ടു. ...പിന്നീട് എന്നോട് പറഞ്ഞു ....".മോളെ ചേച്ചിക്ക് നല്ല സുഖമില്ല, വേഗം വരൂ" . എനിക്കൊന്നും മനസ്സിലായില്ല ....കൂട്ടുകാരികള്‍ പുസ്തകമെല്ലാം ബാഗില്‍ അടുക്കിവെക്കാന്‍ സഹായിച്ചു .ഞാന്‍ വേഗം അമ്മാവന്റെ പിന്നാലെ പോന്നു ....മനസ്സ് നിറയെ അമ്മയെപറ്റിയുള്ള ചിന്തയായിരുന്നു .എന്തു പറ്റി എന്റെ അമ്മയ്ക്ക് ? വീട്ടിലെത്തിയപ്പോള്‍ മുറ്റം നിറയെ ആള്‍ക്കാര്‍ കൂടി നില്‍ക്കുന്നു ....വല്യമ്മാവന്‍ വരാന്തയിലെ ചാരുകസേരയില്‍ തലയും കുമ്പിട്ടിരിക്കുന്നു. എനിക്ക് തോന്നി അവിടെ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് .എന്റെ തലയില്‍ എന്തൊക്കെയോ പായുന്നത് പോലുള്ളവസ്ഥ ....വിറയല്‍ ബാധിച്ച കാലുകളോടെ ആളുകളെ വകഞ്ഞു മാറ്റി അകത്തേക്ക് ഓടി ...............

അകത്തളത്തില്‍ ഒരു പായയില്‍ വെള്ളവിരിച്ച് തന്റെ എല്ലാമായ അമ്മയെ കിടത്തിയിരിക്കുന്നു . അരികത്ത് നിലവിളക്കും എരിയുന്ന ചന്ദനത്തിരിയും ....ചുറ്റും ബന്ധുക്കളും ,നാട്ടുകാരും മറ്റും കൂടിയിരിക്കുന്നു .അധികനേരം നോക്കിനില്‍ക്കാനുള്ള കെല്‍പ്പില്ലാതെ അമ്മയുടെ നിശ്ചലമായ ശരീരത്തില്‍ വീണു പൊട്ടിക്കരഞ്ഞതു മാത്രം ഓര്‍മ്മയുണ്ട് .....അങ്ങിനെ എന്നില്‍നിന്നും എന്റെ അമ്മയെയും വിധിയടര്‍ത്തിയെടുത്തു . പിന്നീ ടു എനിക്കേകാശ്രയം കുഞ്ഞമ്മാവന്‍ മാത്രമായി ...

വീട്ടില്‍ അമ്മ ചെയ്തിരുന്ന ജോലികള്‍ മുഴുവനും ഞാന്‍ ചെയ്തുതീര്‍ക്കണമായിരുന്നു .എന്നാലും അമ്മായി ശകാരങ്ങളും ശാപവാക്കുകളും ചൊരിഞ്ഞു കൊണ്ടിരുന്നു ....ഞാന്‍ അര്‍ദ്ധരാത്രിയിലും ഉറക്കമിളച്ചു പഠിച്ചു എസ്സ് എസ്സ് എല്‍ സി ക്ക് ക്ലാസ്സോട് കൂടി പാസ്സായി .  ഇനിയും തുടര്‍ന്നു പഠിപ്പിക്കേണ്ടെന്ന് അമ്മായി കുഞ്ഞമ്മാവനോട് ശഠിച്ചു . എന്നാല്‍ അമ്മാവാന്‍ അത് വകവയ്ക്കാതെ പട്ടണത്തില്‍ ഗീത പഠിക്കുന്ന കോളേജില്‍ ചേര്‍ത്തു .ഇതിനിടെ ദേവിചേച്ചി ഡിഗ്രി കഴിഞ്ഞു ...വെക്കേഷനില്‍ അവരുടെ  വിവാഹം കഴിഞ്ഞു. ..രഘു ചേട്ടന്‍ പഠിത്തത്തില്‍ വളരെ പിന്നിലായിരുന്നു .എസ്സ് എസ്സ് എല്‍ സിക്ക് തോറ്റു . കൂടെ പഠിച്ചിരുന്ന
കൂട്ടുകാരനോടൊത്ത്‌ നാട് വിട്ടു ...പലയിടത്തും അന്വേഷിച്ചുവെങ്കിലും ഒരു വിവരവും കിട്ടിയില്ല .

ഞാനും ഗീതയും ഒരുമിച്ചായിരുന്നു കോളേജില്‍ പോയിരുന്നത് ഗീതാ പ്രീ ഡിഗ്രി സെക്കന്റ്‌ ഇയറും
ഞാന്‍ ഫസ്റ്റ് ഇയറും .എനിക്ക് ക്ലാസ്സില്‍ അധികം കൂട്ടുകരുണ്ടായിരുന്നില്ല .എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി ലേഖയായിരുന്നു .ഞാന്‍ പിന്നീടാണ്‌ അറിഞ്ഞത് മലയാളം പ്രൊഫസര്‍ രാജശേഘര്‍ സാറിന്റെ മകളാണ് ലേഖയെന്ന്. ലേഖ നല്ലൊരു ഹൃദയത്തിന്റെ ഉടമയായിരുന്നു .അവളില്‍ നല്ലൊരു സഹോദരിയെ കണ്ടെത്തി .തന്റെ മന:പ്രയസങ്ങളെല്ലാം ലേഖയോടു തുറന്നു പറയുമായിരുന്നു ....അതെ കോളേജില്‍ സെക്കന്റ്‌ ഡി സി ക്ക് പഠിക്കുന്ന മുരളി ലേഖയുടെ ഒരേയൊരു സഹോദരനാണ്‌. "ഒരു ദുഖപുത്രിയുടെ പരിവേഷമണിഞ്ഞു തന്റെ സഹോദരിയുടെ കൂടെ കാണാറുള്ള ശാലീന സുന്ദരിയായ  ലതികയോട് മുരളിക്ക് മാനസികമായ ഒരടുപ്പം അനുഭവപ്പെട്ടൂ .. .സഹോദരിയില്‍  കൂടി  അവളുടെജീവിതദു:ഖം   മുരളി മ:നസ്സിലാക്കിയിരുന്നു .അങ്ങനെ ആ ദുഖപുത്രിയുടെ നിഴലാകാന്‍ അയാള്‍ ആഗ്രഹിച്ചു .".കൂട്ടുകാരിയുടെ ചേട്ടനെന്ന നിലയില്‍ ഞാന്‍ മുരളിയോടു അത്യാവശ്യം സംസാരിക്കുമായിരുന്നു .ക്രമേണ ഞങ്ങളുടെ സംസാര  ഗതി മറ്റൊരു ദിശയിലേക്ക്
നീങ്ങിക്കൊണ്ടിരുന്നു , .......ഞങ്ങള്‍ പലകാര്യങ്ങളും സംസാരിച്ചു . ഒത്തിരി വാഗ്ദാനങ്ങളും കൈമാറി ....അങ്ങനെ കാലം പടക്കുതിരയെ പോലെ കുതിച്ചു കൊണ്ടേയിരുന്നു ....

മുരളി ഡിഗ്രി കഴിഞ്ഞു ...പട്ടണത്തിലെ ഒരു ബാങ്കില്‍ അയാള്‍ക്ക് ഒരു ജോലി കിട്ടി .ഗീത ഫൈനല്‍ ഡി സിക്കും ഞാനും ലേഖയും സെക്കന്റ്‌ ഡി സിക്കും പഠനം തുടര്‍ന്നുകൊണ്ടിരുന്നു. ഇതിനിടയില്‍ ഞാനുംമുരളിയും പിരിഞ്ഞിരിക്കാന്‍ വയ്യാത്ത വിധം അടുത്തു . ..ഞങ്ങളെന്നും കണ്ടുമുട്ടുമായിരുന്നു ....ലേഖ എന്നെ അവളുടെ ചേട്ടത്തിയമ്മയായി മനസ്സാ അംഗീകരിച്ചു. എന്റെ ഡിഗ്രി കഴിയാന്‍ കാത്തിരിക്കുകയായിരുന്നു ....പ്രൊഫസര്‍ സാറും ഭാര്യയും എതാണ്ട് എല്ലാ വിവരവും ലേഖ മുഖേന അറിഞ്ഞിരുന്നു. അവര്‍ക്കും എതിര്‍പ്പൊന്നുമില്ല .എന്നെ വല്യ ഇഷ്ടായി രുന്നു ...

ഞങ്ങളുടെ നീക്കങ്ങളൊക്കെ അസൂയയോടെ ഒരാള്‍ വീക്ഷിക്കുന്നുണ്ടായിരുന്നു ...അത് മറ്റാരുമായിരുന്നില്ല  ഗീത തന്നെ . അവള്‍ എല്ലാ കാര്യങ്ങളും പൊടിപ്പും തൊങ്ങലും വച്ച് അമ്മാവിയുടെ ചെവിയിലെത്തിച്ചു....അത്‌ ഒരു വലിയ ബോംബ്സ്ഫോടനം ആയിരുന്നു . അമ്മാവനും അമ്മാവിയും ഉറഞ്ഞുതുള്ളി.....

തുടരും ......

Saturday, 24 April 2010

" നഷ്ട്ട വസന്തം ' (ഭാഗം രണ്ട് )

             ഇനിയൊരിക്കലും തിരിച്ചുവരില്ലെന്ന് കരുതിയ മകള്‍ , അവളെ പടിപ്പുരയ്ക്കകത്ത് കയറ്റില്ലെന്ന് ശഠിച്ച അമ്മാവന്‍ ... ഇന്നു അതെല്ലാം വെറും പൊയ്‌വാക്കുകള്‍. കാലത്തിന്റെ ഒഴുക്കില്‍ എല്ലാം തിരുത്തപെട്ടിരിക്കുന്നു.

അമ്മാവന്‍ അസുഖത്തിന്റെ കാര്യമൊക്കെ വിസ്മരിച്ച് ഒരു യുവാവിന്റെ പ്രസരിപ്പോടെ മകളോടും മരുമകനോടും ഡല്‍ഹിയിലെ വിശേഷങ്ങള്‍ അന്വേഷിക്കുന്നു....മണിക്കുട്ടനെ ലാളിക്കുന്നു, മണിക്കുട്ടന്റെ കുസൃതിത്തരങ്ങള്‍ പറഞ്ഞു എല്ലാവരും പൊട്ടിച്ചിരിക്കുന്നു . ...കൂട്ടത്തില്‍ മുരളിയുടെ ചിരിയ്ക്ക്‌ ഒരു kattaarayude മൂര്‍ച്ചയുണ്ടെന്ന് ലതികയ്ക്ക് തോന്നി . അതിന്റെ മുനതട്ടി തന്റെ ഹൃദയരക്തം ചീറ്റിതെറിക്കാത്തതെന്തേ ? അവള്‍ക്കു ഉത്തരം കണ്ടെത്താന്‍ വിഷമമുണ്ടായില്ല .... തനിക്ക്‌ ഹൃദയമെന്നൊന്നുണ്ടോ ? അത് എത്രയോമുന്നെ അപമൃത്യുവിനു ഇരയായിരിക്കുന്നു . മൂന്നുവര്‍ഷം കടന്നുപോയത്‌ എത്രപെട്ടന്നാണ്.

ലതിക തന്റെ ഭൂതകാലത്തെ കുറിച്ചോര്‍ത്തു."അച്ഛനെ കണ്ടതായി ഓര്‍ക്കുന്നില്ല. എല്ലാം അമ്മ പറഞ്ഞുതന്ന അറിവേയുള്ളൂ . അച്ഛന്‍ ഒരു പട്ടാളക്കാരനായിരുന്നു. ഇന്ത്യാപക്കിസ്ഥാന്‍ യുദ്ധത്തില്‍ അതിര്‍ത്തിയില്‍വച്ച് ഒരു പാക്കിസ്ഥാന്‍ ചാരന്റെ വെടിയേറ്റ് വീരമൃത്യുവരിച്ചു . അന്ന് എനിക്ക് ഒരുവയസ്സു തികഞ്ഞിരുന്നില്ലത്രേ "
.
അച്ഛന്റെ മരണത്തോടെ അമ്മയ്ക്ക് ഭര്‍തൃവീട്ടില്‍ അധികനാള്‍ താമസിക്കാന്‍സാധിക്കാതെ വന്നു .ഒരുവശത്ത് അച്ഛന്റെവേര്‍പാടിലുള്ള ദു:ഖവും മറുവശത്ത് അമ്മായിമ്മയുടെയുംനാത്തൂന്റെയും കുത്തുവാക്കുകളും അമ്മയെ വളരെയേറെ വേദനിപ്പിച്ചു. അങ്ങനെ വെറും നാലുകൊല്ലത്തെ ദാമ്പത്യ ജീവിതത്തിന്റെ അന്ത്യത്തില്‍ കേവലം ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ വൈധവ്യം ഏറ്റുവാങ്ങി ശപിക്കപ്പെട്ടവളായി. സ്വന്തം കൈമുതലെന്നു പറയാന്‍ കുറെ ദു:ഖങ്ങളും , തന്റെ കൈക്കുഞ്ഞുമായി സ്വന്തമെന്നു പറയാന്‍ അര്‍ഹതയില്ലാത്ത ഈ തറവാട്ടില്‍ തിരിച്ചെത്തി .

 തറവാട്ടില്‍ വല്യമ്മാവനും അമ്മാവിയും അവരുടെ മക്കളായ ദേവി ചേച്ചി , രഘു ചേട്ടന്‍ ,ഗീത, പിന്നെ കുഞ്ഞമ്മാവനുമാണ് താമസിച്ചിരുന്നത് . കുഞ്ഞമ്മാവാന്‍ വിവാഹം കഴിച്ചിരുന്നില്ല .താനിഷ്ട പ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചാല്‍ തറവാട്ടുമഹിമ നഷ്ട പ്പെടുമെന്ന ...തറവാട്ടിലെ മൂത്ത കാരണവരായ വലിയമ്മാവന്റെ ശാസനയാണത്രേ , കുഞ്ഞമ്മാവനെ ഒറ്റയാനായി ജീവിക്കാന്‍ പ്രേരിപ്പിച്ചത് ...അക്കാലത്ത് മൂത്തവരുടെ വാക്കിന്  എതിര്‍ വാക്കില്ലാ എന്നതാണല്ലോ രീതി .
 അമ്മയുടെ തിരിച്ചുവരവ്‌  അമ്മാവിക്കിഷ്ട്ടപെട്ടില്ലത്രേ....അവര്‍ അമ്മയ്ക്ക് ഒരു സ്ഥാനമാനങ്ങളും നല്‍കിയില്ല . വീട്ടുവേലക്കാരിയെ പറഞ്ഞുവിട്ടു പകരം അമ്മയെക്കൊണ്ട് രാപ്പകല്‍ ജോലി ചെയ്യിച്ചു ..... അമ്മയെല്ലാം തന്റെ പോന്നുമോള്‍ക്കുവേണ്ടി സഹിച്ചു ... രാത്രികാലങ്ങളില്‍ അമ്മയെന്നെ കെട്ടിപിടിച്ചു തേങ്ങിക്കരയുമായിരുന്നു..... അമ്മയുടെ കണ്ണീരിന്റെ ചൂടുപറ്റിയാണ് ഞാന്‍ ഉറങ്ങിയിരുന്നത് . അമ്മയ്ക്കും എനിക്കും ആശ്വാസം പകരാന്‍ ആ തറവാട്ടില്‍ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ അത് കുഞ്ഞമ്മാവനായിരുന്നു.

തുടരും..........

Thursday, 22 April 2010

"നഷ്ട വസന്തം (തുടര്‍കഥ)" ഭാഗം ഒന്ന് .

     
        സന്ധ്യാനേരത്ത് തുളസിത്തറയില്‍ വിളക്ക് കൊളുത്തി ഭക്തിപാരവശ്യത്തോടെ കൈകള്‍ കൂപ്പി നില്‍ക്കുമ്പോള്‍ പിന്നില്‍ നിന്നും കാലൊച്ചകേട്ടു തിരിഞ്ഞു നോക്കിയ ലതിക , ഇനി ഒരിക്കലും കണ്ടുമുട്ടരുതെയെന്നു ആരെക്കുറിച്ച് കരുതിയിരുന്നുവോ അയാള്‍ ഭൂമിയില്‍ പൊട്ടിമുളച്ചത് പോലെ നില്‍ക്കുന്നകാഴ്ച കണ്ട്‌ , കൂടെ തന്റെ അമ്മാവന്റെ മകളായ ഗീതയും , എന്താണ് സംഭാവിച്ചതെന്നറിയാതെ നില്‍ക്കുമ്പോള്‍ ....മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ എല്ലാമായിരുന്ന മുരളിയുടെ പരിഹാസ്യമായ ചോദ്യം കേട്ടു "എന്താ ലതികെ അറിയുമോ ?എന്റെ പേര് മുരളി ഇതു എന്റെ വാമഭാഗം അതായതു മിസ്സിസ് മുരളി .ഇവളുടെ പേര് ഗീത ,ഇതു ഞങ്ങളുടെ മണിക്കുട്ടന്‍ .കണ്ടുമുട്ടുമെന്ന് കരുതിയില്ല ,അല്ലെ ? നീ എന്നോട് കാട്ടിയ ചതിക്ക് ഞാന്‍ എങ്ങനെ പകരം വീട്ടിയെന്നു ഊഹിക്കാമല്ലോ .നിഷ്കളങ്കമായ സ്നേഹം നല്‍കിയതിനു കീഴ്ജാതിയുടെ പേരില്‍ വീട്ടുകാരുടെ സമ്മര്‍ദ്ധത്താല്‍ നീ ചവിട്ടിമെതിച്ച്‌ തരിശുഭൂമിയാക്കിയതു എന്റെ ഹൃദയമാണ് . താഴ്ന്ന ജാതിക്കാരനെ സ്വീകരിച്ചാല്‍ നായര്‍ സമുദായത്തില്‍ നിന്നും നിനക്ക് ഭ്രഷ്ട് കല്പിക്കുമെന്നു ഭയന്ന് കറിയിലെ കറിവേപ്പില പോലെ നിന്റെ ഹൃദയത്തില്‍ നിന്നും നീ എന്നെ വലിച്ചു പുറത്തെറിഞ്ഞു അവിടം ശുദ്ധീകരിച്ചു.നീ എന്തിന്റെ പേരില്‍ ,ആരെഭയന്ന്‌ എന്നെ തഴഞ്ഞുവോ അദ്ദേഹത്തിന്റെ അരുമമകളുടെ ഭര്‍ത്താവായി,മരുമകനായി കൊണ്ടാണ് ഇന്ന് ഞാന്‍ കയറി വന്നിരിക്കുന്നത്. അതും നിന്റെ അമ്മാവന് മകളെയും പേരകുട്ടിയെയും കാണാനുളള അതിയായ ആഗ്രഹം അറിയിച്ചതിനാല്‍ അദ്ദേഹം കണ്ണടക്കുന്നതിനു മുന്നേ ആ ആഗ്രഹം സാധിപ്പിച്ചേക്കാമെന്നു കരുതി .കൂട്ടത്തില്‍ നിന്നേയും ഒന്നു നേരിടാമെന്ന പ്രതികാരചിന്ത എന്റെ യാത്രയുടെ വേഗത കൂട്ടി . എന്നെയും ഗീതയെയും ഒരുമിച്ചു കാണുമെന്ന് നീ ഒരിക്കലും കരുതിയിരിക്കില്ല അല്ലെ ?"അയാള്‍ കൂടുതല്‍ വാചാലനാവുന്നത് കേട്ടുനില്‍ക്കാനുള്ള കെല്‍പ്പില്ലാതെ അവന്റെ കണ്ണുകളെ നേരിടാനുള്ള ശക്തിയില്ലാതെ ലതിക വിറയ്ക്കുന്ന കാലുകളോടെ വേച്ചുവേച്ച് അകത്തളത്തില്‍ എത്തി .അവള്‍ക്ക് കാലും ശരീരവും ഒരുപോലെ തളരുന്നുണ്ടായിരുന്നു.വീണ്‌പോകും എന്നുഭയന്നു ചുമരില്‍ പിടിച്ചുകൊണ്ട് തന്റെ കിടപ്പുമുറിയായ ചായിപ്പില്‍ കയറി കതകു ഓടാമ്പലിട്ടു . തന്റെ കിടപ്പിടമായ തഴപ്പായയിലേക്ക് വീണു ..മതിവരുവോളം പൊട്ടിക്കരഞ്ഞു ...മനസ്സിന്റെ ഭാരം അല്‍പ്പം കുറഞ്ഞപ്പോള്‍ അവള്‍ കാതോര്‍ത്തു കിടന്നു .അമ്മാവന്റെ മുറിയില്‍നിന്നും പുറത്തേക്കു ഒഴുകിവരുന്ന ശബ്ദകോലാഹലങ്ങള്‍.....അമ്മാവന്റെയും അമ്മവിയുടെയും വാര്‍ദ്ധക്യത്തില്‍ വീണ്ടും വസന്തം പൊട്ടിവിരിഞ്ഞിരിക്കുന്നു...

ഈ കഥ ഇവിടെ അവസാനിക്കുന്നില്ല,തുടരും .................................

"മുപ്പതിയഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്നേ നമ്മുടെ സമൂഹത്തില്‍ ‍ജാതിയുടെ പേരില്‍ ഐത്തങ്ങളും അനാചാരങ്ങളും നിലനിന്നു പോന്നിരുന്ന ഒരു കാലഘട്ടത്തില്‍ ഇതിനെതിരെ അന്ന് എന്റെ മനസ്സില്‍ തോന്നി കുറിച്ചിട്ട ഒരു കഥാവിഷ്ക്കാരമാണ് ഇ കഥ . എഴുതിവച്ച പുസ്തകം കൈമോശം വന്നതിനാല്‍ ഇത്രയും താമസിച്ചു .എങ്കിലും കാലപ്പഴക്കം വന്ന സാധനങ്ങള്‍ ഒഴിവക്കാനായി തിരച്ചില്‍ നടത്തുന്നടിനിടയില്‍ ആ പുസ്തകം എനിക്ക് തിരിച്ചുകിട്ടി .അത് ഞാന്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു .(ഇപ്പോള്‍ കാലവും മാറി ഐത്ത അനാചാരങ്ങളും മാറി .ഇന്ന് "ജാതി മത മൈത്രി "നമ്മളില്‍ പുതു സംസ്കാരം വളര്‍ത്തിയിരിക്കുന്നു .. " )

Saturday, 17 April 2010

"മക്കളേ " .....

നമ്മള്‍ എത്രയോ ജന്മം പലരൂപങ്ങളും ഭാവങ്ങളും കൈക്കൊണ്ടശേഷമാണ് നമുക്ക് അമൂല്യമായ മനുഷ്യ ജന്മം കൈവരുന്നത് എന്നാണു വിദ്വാന്മാര്‍ വെളിപ്പെടുത്തുന്നത് ..അങ്ങിനെയുള്ള മനുഷ്യജന്മം മറ്റുള്ളവരുടെ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്ക് മുന്നില്‍ ബലിയാടാവാതെ ,പാഴാക്കികളയാതെ (ഇത്തിരി വിഷത്തുള്ളികളിലോ ,ഒരുകഷണം കയര്‍ തുമ്പിലോ,സാരി തുണ്ടിലോ ,കിണറിലോ ...അവസാനിക്കേണ്ടതല്ല ആ അമൂല്യ ജന്മം .) തനിക്ക് ഈ അപൂര്‍വ്വജന്മം നല്‍കിയ അച്ഛനും അമ്മയ്ക്കും സന്തോഷവും ,സമധാനവും
ആ കുഞ്ഞിലൂടെയാണ് ലഭിക്കേണ്ടത് ....അത് തല്ലിക്കെടുത്തരുതേ....അവര്‍ക്ക് ദുഃഖം നല്‍കരുതേ ....