Thursday, 22 July 2010

"അവള്‍ "(ചെറുകഥ )

അവള്‍  ഉണര്‍ന്നു ,  അല്ല ഉണര്‍ത്തി...  പ്രഭാത സുര്യ കിരണങ്ങള്‍ !  ജനല്‍  പാളിയിലൂടെ  മുഖത്തു പതിച്ചപ്പോള്‍  അവള്‍  കണ്ണുതുറന്നു . സമയം  എട്ടു മണി  കഴിഞ്ഞിരിക്കുന്നു വല്ലാത്ത  ആലസ്യം തോന്നുന്നു കാലുകള്‍ക്ക് വല്ലാത്ത  ഭാരം  നല്ല വേദനയും ....അവള്‍ ആലോചിച്ചു ..ഇനിയെന്ത് ? ഇന്ന്  എങ്ങോട്ടെക്കാണുയാത്ര തുടരേണ്ടത് ?..ഇന്നലെ  എത്ര ദൂരം  പോയി ..എങ്ങോട്ടെല്ലാം  കറങ്ങി ? ഒരു രൂപവുമില്ല . അവളുടെ മുഖത്ത്  സങ്കടം  നിറഞ്ഞ  പരിഹാസ ഭാവമായിരുന്നു ..കൂടുതല്‍  ആരോടും  അടുപ്പം  കാണിക്കാറില്ല .അവളെ കാണുമ്പോള്‍   നാട്ടുകാരില്‍ പലരും  കുശുകുശുക്കുന്നത്‌   അവള്‍ കാണാറുണ്ട്‌ . എങ്കിലും  ഇതൊന്നും തന്നെബാധി ക്കുന്ന കാര്യമല്ലെന്ന ഭാവത്തില്‍  നടന്നുപോകും .അവള്‍  ആരെന്നു  അവള്‍ക്കുതന്നെ  അറിയില്ല  അച്ഛനെയും  ,അമ്മയെയും   അവള്‍ കണ്ടിട്ടില്ല . ആരെന്നുപോലും  അറിയില്ല !
           ആരുടെയോ  കാരുണ്യത്താല്‍  ഇവിടം വരെയെത്തി ...ആരോ  പാതയോരത്ത്  പഴംത്തുണിയില്‍ ചുരുട്ടി  ഉപേക്ഷിച്ചു  പോയ  ഒരുചോര കുഞ്ഞിനെ , വീട്ടുവേലചെയ്തു  ഉപജീവനം  നടത്തുന്ന  ഒരു സ്ത്രീയാണ്  എടുത്തുവളര്‍ത്തിയത്. അവരുടെ മനസ്സില്‍  തോന്നിയ  ദയ . സമയാസമയം  അവള്‍ക്കു വേണ്ടതെല്ലാം  ആ  അമ്മ  ചെയ്തു .സ്കൂളിള്‍  അയച്ചു  പഠിപ്പിച്ചു .പഠിക്കാന്‍  അവള്‍  മിടുക്കിയായിരുന്നു . കഷ്ടപ്പാടുകള്‍  ഒരുപാടുണ്ടായിട്ടും  ആ അമ്മ അവള്‍ക്കു  ഭക്ഷണവും ,വസ്ത്രവും ,വിദ്യാഭ്യാസവും  നല്‍കി . അവള്‍  വളര്‍ന്നു വലുതാവും തോറും  അവളില്‍ അവളറിയാതെ തന്നെ  അപഹര്‍ഷതാബോധം  വളര്‍ന്നു തുടങ്ങി ..സഹപാഠികളുടെ പെരുമാറ്റം  അവളില്‍  അനാഥത്വം  കുടിയിരുത്തി .അവള്‍ക്ക് അച്ഛനും  അമ്മയും കൂടപിറപ്പുകളും  ഇല്ലെന്നും  ,താന്‍ തന്റെയെല്ലാമായി    കരുതിയിരുന്ന  അമ്മ  തന്റെ പെറ്റമ്മയല്ല  വളര്ത്തമ്മ യാണെന്ന  സത്യം  അവളെ വല്ലാതെ  നൊമ്പര പ്പെടുത്തി  .. അവള്‍ , അവളിലേക്ക്‌ തന്നെ ഒതുങ്ങാന്‍ പരിശീലിച്ചു .
     പലപ്പോഴും അവളോര്‍ത്തു ..ആരായിരിക്കും  തന്റെ  അച്ഛനുമമ്മയും  ? എന്തിനായിരിക്കും  അവര്‍  എന്നെ ആ പഴം തുണിയില്‍ ചുരുട്ടി ഉപേക്ഷിച്ചത് ? ആരാണിതില്‍   തെറ്റുകാര്‍  ? തന്നെ പ്രസവിച്ച  അമ്മയാണോ ? ലോകര്‍ അറിയുന്നതില്‍  ഭയന്ന്  ഉപേക്ഷിച്ചതാണോ ?  അതോ  കുഞ്ഞിനെ  വളര്‍ത്താന്‍  നിവൃത്തി യില്ലാതെ  ഉപേക്ഷിച്ചതാണോ ?  ..ഇതില്‍ ഞാനെന്തു തെറ്റുചെയ്തു ? എന്തിനെന്നെ  ഈ വിധത്തില്‍  അപഹാസ്യ   കഥാപാത്രമാക്കി ?  ..അവള്‍ക്ക്  എല്ലാവരോടും എല്ലാത്തിനോടും  വെറുപ്പ്‌ തോന്നി . തന്നോട് .പലരെയും  താരതമ്യം  ചെയ്തുനോക്കി ..അപ്പോള്‍  സമൂഹത്തില്‍  താന്‍ വെറും വട്ട പൂജ്യം..
ഈ സാഹചര്യങ്ങളെ  അതി ജീവിച്ചുകൊണ്ട്  അവള്‍ കോമേഴ്സില്‍  ബിരുദം  നേടി .അതാണ്‌ ആകെ കൂടിയുള്ള  സമ്പാദ്യം .അവളുടെ  നേട്ടങ്ങളും ,സങ്കടങ്ങളും  അറിയാവുന്ന  ഏക വെക്തി .. അവളുടെ  അയല്‍വാസിയായ   വത്സല  ടീച്ചറാണ്  . ടീച്ചര്‍ക്ക്  എന്തുകൊണ്ടെന്നറിയില്ല  അവളെ  ഒത്തിരി ഇഷ്ടമായിരുന്നു ..അവള്‍ക്കവരോടും വലിയ ഇഷ്ടം തന്നെ  ..അവളെ അലട്ടുന്ന  എന്തു പ്രശ്നങ്ങളും അവള്‍  അവരോടു മാത്രം ഷേര്‍ ചെയ്യുമായിരുന്നു .
      അവളുടെ അമ്മയ്ക്ക്  വീട്ടു വേലയ്ക്ക്  പോകാന്‍ വയ്യാതായി . വാര്‍ദ്ധക്യ സാഹചമായ  അസുഖങ്ങള്‍  അവരെ  തളര്‍ത്തി ..തുച്ചമായ  വാര്‍ദ്ധക്യ  പെന്‍ഷന്‍ മാത്രമായി  അവരുടെ  ഏക വരുമാനം ..ഇനിയും അവരെ  വിഷമിപ്പിക്കുന്നത്  ശരിയല്ലെന്ന്  അവള്‍ക്ക് തോന്നി . ഒരു ജോലി അത്യാവശ്യമാണ് ...തന്റെ ഏക സമ്പാദ്യമായ  ഡിഗ്രി സര്‍ട്ടിഫിക്കറ്റുമായി ,പല ഓഫീസുകളിലും ,സ്ഥാപനങ്ങളിലും  കയറിയിറങ്ങി ..എങ്ങിനെയെങ്കിലും  ഒരുജോലി തരപ്പെടുത്തണം  എന്നചിന്ത മാത്രം മനസ്സില്‍ ...നടന്നും കയറിയിറങ്ങിയും  ചെരുപ്പ് തേഞ്ഞു പോയതല്ലാതെ , ആരില്‍ നിന്നും  ഒരു സഹകരണവും  കിട്ടിയില്ല .ചിലര്‍  സഹതാപം ഭാവിക്കും ..എന്നിട്ടുപറയും " നോ വേക്കന്‍സി  അഡ്രസ്സ്  തന്നേക്കൂ ..വേക്കന്‍സി വരുമ്പോള്‍  അറിയിക്കാമെന്ന് " .മറ്റു ചില സ്ഥാപനങ്ങളില്‍  ജോലി ലഭിക്കണമെങ്കില്‍  വലിയൊരു സംഖ്യ ഡപ്പോസിറ്റ്  ചെയ്യണം ..അതിനുള്ള കഴിവ്  അവള്‍ക്കില്ലല്ലോ ..ചിലരുടെ  നോട്ടം  അവളുടെ  ശരീര വടിവിലാണ് ..ആ കഴുകന്‍ നോട്ടം കാണുമ്പോള്‍ ഉള്ളില്‍  അമര്‍ഷം  പതഞ്ഞു പൊങ്ങും .പിന്നെ പ്രതികരണ  ശേഷി നഷ്ടപ്പെട്ടവളെ  അവള്‍ നടന്നുനീങ്ങും ....

എല്ലാവിധത്തിലും  അവള്‍ക്ക് തന്നോടുതന്നെ  അറപ്പും വെറുപ്പും  തോന്നി ..ജന്മം  നല്‍കിയവരെ  മനസ്സാ ശപിച്ചു ..ഇത്രയും നികൃഷ്ട മായ ലോകത്ത്  ഏകാകിനി യായി  ചുറ്റി തിരിയേണ്ട  വിധിയോര്‍ത്ത്  മനസ്സ് തേങ്ങി .അപ്പോളവള്‍  ഓര്‍ത്തുപോയി ..തന്നെപ്പോലെ തന്നെ  അനാഥത്വത്തില്‍  എത്രയോ പേര്‍  ദുഖിക്കുന്നുണ്ടാവാം ..അങ്ങിനെ എന്നെ പോലുള്ള  അവര്‍ക്കും  എന്തെല്ലാം  തിക്താനുഭങ്ങള്‍  ഉണ്ടായിട്ടുണ്ടാവാം ..അവരും എന്നെ പോലെ  ദുഖിതരായിരിക്കില്ലേ ? ലോകരുടെ കണ്ണില്‍ ഞങ്ങള്‍  പിഴച്ച സന്തതികള്‍ !  പരിഹാസ്യ കഥാപാത്രം  !  ഇതിനു ആരാണ് തെറ്റുകാര്‍ ..ഞങ്ങള്‍ എന്തു പിഴച്ചു ? ആരുടെയോ  സന്തോഷത്തിന്റെ  അവശിഷ്ടമല്ലേ...  എന്നെ പോലുള്ളവരുടെ  ജനനം ...വല്ല കുപ്പയിലോ , പാതയോരത്തോ , പള്ളിമേടയിലോ  ഇത്തരി പഴംതുണിയില്‍ പോതിഞ്ഞുപേക്ഷിച്ചാല്‍ അവരുടെ ബാദ്ധ്യത കഴിഞ്ഞു . പിന്നീട്  ഈ ലോകത്ത്  തെറ്റുചെയ്യാതെ  ശിക്ഷിക്കപ്പെടുന്നത്  എന്നെ പോലുള്ളവരെയാണല്ലോ  ..ചിന്തകള്‍  പലവഴിക്കും  തിരിഞ്ഞു  സമയം പോയതറിഞ്ഞില്ല ..സമയം  പത്തു മണി ആകാറായി ..ഇനിയും   ചടഞ്ഞുകൂടിയിരുന്നാല്‍  ശരിയാവില്ല .എന്തെങ്കിലും  ജോലി  കണ്ടെത്തിയേ പറ്റൂ ..അവള്‍ വേഗം  ദിനകൃത്യങ്ങള്‍  നടത്തി ..ഉള്ളതില്‍ വെച്ച് നല്ലതെന്നുതോന്നിപ്പിക്കുന്ന  ഒരു ചുരിദാര്‍  എടുത്തു ,വേഗത്തില്‍ ഡ്രസ്സ് ചെയ്തു .അമ്മ കൊടുത്ത  ഒരു ഗ്ലാസ്‌ ചായയും  അല്‍പ്പം കപ്പ പുഴുങ്ങിയതും  അവള്‍ കഴിച്ചു .കുടയും ബാഗുമെടുത്ത് , അമ്മയോട്  സമ്മതം ചോദിക്കുന്ന മട്ടില്‍  തലയൊന്നു കുലുക്കി  വീട്ടില്‍ നിന്നും ഇറങ്ങി .ഒരു നിമിഷം  തന്നെ സൃഷ്ടിച്ച  ദൈവത്തിനെ  സ്മരിച്ചു .ഇന്നുഞാന്‍ എങ്ങോട്ടാണ് പോകേണ്ടത് ? ആരില്‍ നിന്നാണ്  ഒരിത്തിരി  കരുണ  ലഭിക്കുക ?  അവളുടെ മനസ്സില്‍ നിറഞ്ഞ  ശൂന്യത  മാത്രം ...അവളറിയാതെ ..പാദങ്ങള്‍ ചലിച്ചുകൊണ്ടിരുന്നു  ....
.