ഇത് ഞങ്ങളുടെ വീട് !
ഈ വീടിന് എത്രത്തോളം കാലപ്പഴക്കമുണ്ടെന്നുപറയാന്‍ എനിക്ക് പറ്റില്ല .എന്‍റെ വിവാഹം(1970) കഴിഞ്ഞു ,വലതുകാല്‍ വെച്ചുകയറി വന്നത് ഈ വീട്ടിലേക്കാണ് .അന്ന് ഈ വീട്ടില്‍ ,അമ്മയും മക്കളും ,മക്കളുടെ മക്കളും ഒരു വേലക്കാരിയുമടക്കം ഏതാണ്ട് 24 പേര്‍ അടങ്ങിയ കൂട്ടുകുടുംബാംഗങ്ങള്‍ ഇവിടെ താമസിച്ചിരുന്നു . ഞാന്‍ വിവാഹം കഴിഞ്ഞു അധികം താമസിയാതെ തന്നെ ഭര്‍ത്താവിനോടൊപ്പം ഉലകം ചുറ്റാന്‍തുടങ്ങി (അദ്ദേഹത്തിന്റെ ജോലിസ്ഥലത്താണ് പോയത് കേട്ടോ ) കാലക്രമേണ ഓരോരുത്തരും വേറെ വേറെ വീടുവെച്ചു താമസം മാറി . ഇത്രയധികംആള്‍ക്കാര്‍ താമസിച്ച വീടിന്‍റെയവസ്ഥ ഊഹിക്കാമല്ലോ ..കേടുവന്നാലും ചിതലരിച്ചാലും ആരും റിപ്പയര്‍ ചെയ്യില്ല .എല്ലാവര്‍ക്കും വേണ്ട സ്വത്തല്ലേ ..എല്ലാവരും സ്വന്തമായി വീട് പണിതപ്പോള്‍ ,പിന്നെ ഈ വീട്ടില്‍ താമസിക്കാന്‍ ആരും ഇല്ലാതായി . എട്ടു വര്‍ഷത്തോളം പൂട്ടിയിട്ടപ്പോള്‍ വീടിന്‍റെ അവസ്ഥ വളരെ ദയനീയമായിരുന്നു .
പിന്നെ വൈകാതെ പാര്‍ട്ടീഷന്‍(( നടന്നു . ആ വീടിനോടുള്ള അറ്റാച്ച്മെന്റ് കാരണം എന്‍റെ ഭര്‍ത്താവ് ആ വീടിനു (വീടെന്ന് പറയാന്‍ പറ്റില്ല ,വെറും വീടിന്‍റെ അസ്ഥികൂടം എന്നതാവും ശരി ) വിലകെട്ടി എല്ലാവര്ക്കും കാശ് കൊടുത്ത് 1989 ല്‍ സ്വയം ഏറ്റെടുത്തു.
പലരും ഞങ്ങളെ ഉപദേശിച്ചു.ഈ വീട് കമ്പ്ലീറ്റ് പൊളിച്ചുമാറ്റി പണിയുന്നതായിരിക്കും നല്ലത് .പഴയ വീടിന്മേല്‍ പൈസ ചിലവിട്ടാല്‍ ,ഒത്തിരി ചിലവിടെണ്ടിവരും .അങ്ങിനെ പലേവിധ ഉപദേശങ്ങള്‍ ..
എന്നാല്‍ ഞങ്ങള്‍ക്ക് അതൊന്നും ഉള്‍ക്കൊള്ളാന്‍ പറ്റിയില്ല .ആ വീടിന്‍റെ തനിമ ഞങ്ങള്‍ക്ക് ഇഷ്ടമായിരുന്നു . പ്രത്യേകിച്ചും മക്കള്‍ക്ക് .
പിന്നെ വൈകിയില്ല ,ഓടൊക്കെ ഇറക്കിച്ചു .മേല്കൂരയുടെ ദ്രവിച്ച മരങ്ങളൊക്കെ പൊളിച്ചുമാറ്റി .തേക്കില്‍ പുതിയതായി പണിത് കെട്ടുകയറ്റുന്നതിന് മുന്നേ റീ പ്ലാസ്റ്ററിങ്ങ് നടത്തി .കെട്ടുകയറ്റി , ഓടുവെച്ചു.
റീ ഫ്ലോറിങ്ങ് , റീ വയറിങ്ങ് ചെയ്തു .പെയ്ന്റിങ്ങും ,ഗൈറ്റു ഫിറ്റിങ്ങും കൂടിയായപ്പോള്‍ ,ഞങ്ങളുടെ "പഴമ നിലനിര്‍ത്തി കൊണ്ടുള്ള പുതുക്കി പണിത വീട് താമസത്തിന് റെഡി .ഇത്രയും പണി തീര്‍ക്കാന്‍ അഞ്ചു മാസം വേണ്ടിവന്നു .വലിയൊരു മുതല്‍മുടക്കും . എങ്കിലും ഞങ്ങള്‍ സംതൃപ്തരാണ്.
1990 മാര്‍ച്ചില്‍ താമസം തുടങ്ങിയപ്പോള്‍ ആദ്യ നാളുകളില്‍ അല്‍പ്പം വിമ്മിഷ്ടമായിരുന്നു .ഇരുപത്തിനാലോളം ആള്‍ക്കാര്‍ താമസിച്ചിരുന്ന വീട്ടില്‍ ഞങ്ങള്‍ നാലുപേര്‍ മാത്രം ...ക്രമേണ അതും ശീലമായി .
ഏറെ കാലം എന്റെ ഭര്‍ത്താവും ഞാനും ഞങ്ങളുടെ രണ്ടു മക്കളും അടങ്ങിയ ഒരു കൊച്ചുകുടുംബത്തിന്‍റെ സ്നേഹവും ,സന്തോഷവും സമന്വയിച്ചു നിന്നിരുന്ന തായിരുന്നു ഞങ്ങളുടെ വീട് .
എന്നാല്‍ "2001 ജൂലായ് ഒന്ന് "പിറന്നത് ഞങ്ങളുടെ സന്തോഷവും സമാധനവും തല്ലികെടുത്തുകൊണ്ടായിരുന്നു ..ഒരിക്കലും മറക്കാന്‍ കഴിയാത്ത ദുഃഖം നല്കികൊണ്ടായിരുന്നു .എന്റെ ഗൃഹനാഥന്‍ അപ്രതീക്ഷിതമായ , ഹൃദയാഘാതം കാരണം ഇഹലോകവാസം വെടിഞ്ഞു.
എനിക്കിന്നും ആ ഷോക്കില്‍ നിന്നും മോചനം കിട്ടിയിട്ടില്ല .എല്ലാ ദുഖവും ഉള്ളിലൊതുക്കി ,മക്കളെ യറിയിക്കാതെ ഇപ്പോഴും ആ നല്ലകാലത്തിന്റെ ഓര്‍മ്മകളിലും ,മക്കളുടെയും കൊച്ചു മക്കളുടെയും സന്തോഷ ത്തിലും ,സങ്കടത്തിലും പങ്കുചേര്‍ന്നും ,ഇങ്ങിനെ അല്‍പ്പം ബ്ലോഗെഴുത്തും ,വായനയുമായി കാലം കഴിക്കുന്നു ,
ഇപ്പോള്‍ ഏഴു വര്‍ഷമായി ഈ വീട് പൂട്ടികിടക്കുകയാണ് ,എല്ലാവര്‍ഷവും ഒരുമാസം മകനോടുംകുടുംബത്തോടുമൊപ്പം ഇവിടെ വന്നു താമസിക്കാറുണ്ട്.ചില വര്‍ഷങ്ങളില്‍ ഈ സമയം മോളും കുടുംബവും കുറച്ചു ദിവസത്തേക്ക് എത്തും അപ്പോള്‍ മക്കളും കൊച്ചുമക്കളും ഒത്തുള്ള ആ സന്തോഷത്തില്‍ എന്നോടൊപ്പം അവരുടെ അഛനും പങ്കെടുക്കുന്നതായി എനിക്ക് അനുഭവപ്പെടാറുണ്ട്.
NB: ഈ വീട്ടില്‍ ജനിച്ചവരും ,വളര്ന്നവരും,
ഇപ്പോള്‍ ജീവിച്ചിരിക്കുന്ന എല്ലാവരും നല്ല സ്ഥതിയിലാണ്
അതുകൊണ്ടുതന്നെ എനിക്ക് തോന്നുന്നു ഇതൊരു ഭാഗ്യ വീടാണെന്ന് .